പ്രാവിനെ വളർത്താൻ ഇഷ്ടമുള്ളവർ ധാരാളം ഉണ്ട്. പലപ്പോഴും വലിയ വില കൊടുത്ത് വ്യത്യസ്ത ഇനം പ്രാവുകളെ വാങ്ങുന്നവരും ഉണ്ട്. എന്നാൽ ഒരു പ്രാവിന് വേണ്ടി 14 കോടി രൂപ ചെലവാക്കാൻ നിങ്ങൾ തയ്യാറാകുമോ? ബെൽജിയത്തിൽ നടന്ന ഒരു പ്രാവ് ലേലത്തിൽ ഒരു പ്രാവിനെ വിറ്റഴിച്ചത് 14 കോടി രൂപയ്ക്കാണ്. കാര്യം ഈ പ്രാവ് ആത്ര നിസാരക്കാരനല്ല കേട്ടോ. പ്രാവുകളുടെ ലോകത്തെ സൂപ്പർസ്റ്റാർ എന്ന് തന്നെ ഈ പ്രാവിനെ വിളിക്കാം. അപ്പോൾ ഈ 14 കോടിയുടെ പ്രാവിന്റെ വിശേഷങ്ങൾ അറിഞ്ഞാലോ?
പ്രാവുകളിൽ ഏറ്റവും വിലയേറിയ വിഭാഗമാണ് മത്സര പ്രാവുകൾ. റേസിംഗ് പ്രാവുകൾ എന്നറിയപ്പെടുന്ന ഇവ പ്രാവ് പറത്തൽ മത്സരങ്ങൾക്ക് ആയാണ് ഉപയോഗിക്കപ്പെടുന്നത്. പ്രത്യേക പരിശീലനം നൽകിയ പ്രാവുകളെ പറത്തിവിട്ട് എത്ര ദൂരം സഞ്ചരിച്ചു, എത്ര വേഗതയിൽ സഞ്ചരിച്ചു, ആരാണ് ആദ്യം എത്തിയത് എന്നൊക്കെ കണക്കാക്കുന്ന ഒരു മത്സരമാണ് പ്രാവ് റേസിംഗ്. ഒരു നിശ്ചിത ദൂരത്തിൽ പറന്ന് തിരികെ പറത്തി വിട്ട ഇടത്തേക്ക് തന്നെ തിരിച്ചു വരുന്നവയാണ് ഇത്തരം പ്രാവുകൾ. ഇതിനായി ഇവർക്ക് മാസങ്ങൾ നീണ്ടുനിൽക്കുന്ന പ്രത്യേക പരിശീലനവും നൽകാറുണ്ട്. കൃത്യമായ ദൂരം സഞ്ചരിച്ച ശേഷം ഏത് പ്രാവാണ് ആദ്യം തിരികെ എത്തുന്നത് എന്ന് നോക്കിയാണ് ഈ മത്സരത്തിലെ വിജയികളെ കണ്ടെത്തുന്നത്.
ലോകത്തിലെതന്നെ ഏറ്റവും വിലയുള്ള പക്ഷികളാണ് ഈ പ്രാവ് പറത്തൽ മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന പരിശീലനം നേടിയ റേസിംഗ് പ്രാവുകൾ . ലോകത്തിന്റെ പലഭാഗങ്ങളിലും പ്രാവ് പറത്തൽ മത്സരങ്ങൾ നടക്കുന്നുണ്ട്. ഒറ്റത്തവണയായി ഏതാണ്ട് ആയിരം കിലോമീറ്ററിലേറെ ദൂരം വരെ പറക്കാൻ ഇത്തരം പ്രാവുകൾക്ക് കഴിയും. നല്ല പറക്കൽ ശേഷിയുള്ള ഇനം പ്രാവുകളെ ആണ് ഇത്തരം മത്സരങ്ങൾക്ക് പരിശീലിപ്പിക്കാൻ ആയി തിരഞ്ഞെടുക്കുന്നത്. സ്ഥിരമായി പറക്കുന്നതിനാൽ കൃത്യമായ പ്രോട്ടീനുള്ള ഭക്ഷണം കൃത്യമായ അളവിൽ ഇവയ്ക്ക് കൊടുത്തുകൊണ്ടിരിക്കണം. ബദാമും നട്ട്സുകളും കടലപ്പരിപ്പുമൊക്കെ ഈ പ്രാവുകൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണമാണ്. തൂക്കം കൂടുകയോ കുറയുകയോ ചെയ്യാതെ നോക്കേണ്ടത് ഇവരുടെ കാര്യത്തിൽ പ്രധാനമാണ്. ഇങ്ങനെ കൃത്യമായ പരിചരണവും ശ്രദ്ധയും പരിശീലനവും എല്ലാം നൽകി വളർത്തുന്നതിനാൽ ഈ റേസിംഗ് പ്രാവുകൾക്ക് വലിയ വിലയാണ് വിപണിയിൽ ഉള്ളത്.
മികച്ച പരിശീലനം ലഭിച്ചിട്ടുള്ള പ്രാവുകൾക്ക് ലക്ഷങ്ങൾ മുതൽ കോടികൾ വരെ വില ലഭിക്കുന്നതാണ്. ബെൽജിയത്തിലെ ആന്റ്‌വെർപ്പിൽ വളർത്തിയ രണ്ട് വയസ്സുള്ള ന്യൂ കിം എന്ന റേസിംഗ് പ്രാവിന് ലേലത്തിൽ ലഭിച്ചത് 14 കോടി രൂപയാണ്. ഇതോടെ ലോകത്തിൽ തന്നെ ഏറ്റവും വിലയേറിയ പക്ഷിയായി ന്യൂ കിം എന്ന ഈ പ്രാവ് മാറി. ഫ്ലെമിഷ് പരിശീലകനായ ഗാസ്റ്റൺ വാൻ ഡി വൂവറാണ് ന്യൂ കിമ്മിനെ വളർത്തിയതും പരിശീലനം നൽകിയതും. നിരവധി സമ്മാനങ്ങൾ നേടിയ റേസിംഗ് പ്രാവുകളെ ഇദ്ദേഹം വളർത്തിയിരുന്നു. ഇപ്പോൾ 76 വയസ്സുള്ള അദ്ദേഹം പ്രാവ് റേസിംഗ് മത്സരങ്ങളിൽ നിന്നും വിരമിക്കുകയും തന്റെ 400 പക്ഷികളെ വില്പനയ്ക്ക് ആയി വെക്കുകയും ചെയ്തു. ഈ വില്പനയിലാണ് ന്യൂ കിമ്മിന് 14 കോടി രൂപ ലഭിച്ചത്.
1.5 മില്യൺ ഡോളർ ആയിരുന്നു ലേലസമയത്ത് ന്യൂ കിം എന്ന ഈ പ്രാവിന് അടിസ്ഥാന വിലയായി പരിശീലകൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ പ്രാവിനെ സ്വന്തമാക്കാനായി വലിയ മത്സരമായിരുന്നു നടന്നത്. ഒടുവിൽ ‘സൂപ്പർ ഡ്യൂപ്പർ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒരു അജ്ഞാത വ്യക്തി 1.8 മില്യൺ ഡോളർ തുക നൽകി ഈ പ്രാവിനെ സ്വന്തമാക്കുകയായിരുന്നു. നിലവിലെ ഇന്ത്യൻ രൂപയിൽ ഏതാണ്ട് 14 കോടിയിലേറെ രൂപയാണ് ഇത്.
പ്രാവ് റേസിംഗിന്റെ പരമ്പരാഗത ഹൃദയഭൂമി ആയാണ് ബെൽജിയം കണക്കാക്കപ്പെടുന്നത്.
ബെൽജിയത്തിലെ പോലെ ഉയർന്ന സാന്ദ്രതയിൽ ഇത്രയധികം പ്രാവ് ആരാധകർ ജീവിക്കുന്ന ഒരു രാജ്യവും ലോകത്തിലില്ല എന്ന് തന്നെ പറയാം. കാരണം ബെൽജിയത്തിലെ ജനങ്ങൾക്ക് പ്രാവ് പറത്തൽ മത്സരങ്ങൾ ഏതാണ്ട് ചാമ്പ്യൻസ് ലീഗ് പോലെയാണ്. ലോകത്ത് നിരവധി രാജ്യങ്ങളിൽ ഇത്തരം പ്രാവ് റേസിംഗ് വളരെ പ്രചാരമുള്ള ഒരു കായിക വിനോദമാണ്. ഇതിനായി ഏറ്റവും മുന്തിയ ഇനം പ്രാവുകളെ വലിയ വില കൊടുത്ത് തന്നെ പലരും സ്വന്തമാക്കാറുണ്ട്. ഇത്തരം മത്സര പ്രാവുകളിൽ ഏറ്റവും മികച്ച കായികക്ഷമത ഉള്ളതായി അറിയപ്പെടുന്നത് ബെൽജിയം പ്രാവുകൾക്ക് ആണ്. അവയിൽ തന്നെ ആൺപ്രാവുകൾക്ക് പെൺപ്രാവുകളെക്കാൾ കൂടുതൽ വില ലഭിക്കുന്നതാണ്. മികച്ച ആൺ പ്രാവിൽ നിന്നും കൂടുതൽ കായികക്ഷമതയുള്ള കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയും എന്നുള്ളതാണ് ഇതിന് കാരണം. ഏതാണ്ട് മൂന്നുവർഷത്തോളമാണ് ഒരു റേസിംഗ് പ്രാവ് മത്സര രംഗത്ത് ഉണ്ടാവുക. അതിനാൽ തന്നെ ഏതാനും വർഷങ്ങൾക്കുള്ളിൽ ന്യൂ കിമ്മിനേക്കാൾ വില ലഭിക്കുന്ന മറ്റൊരു പ്രാവിന്റെ കഥയും നമുക്ക് കേൾക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.
Discussion about this post