2024ൽ ഇന്ത്യ ഡിജിറ്റൽ കോമ്പറ്റീഷൻ ബിൽ നിയമമാക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന പല ടെക് ഭീമന്മാരും ആശങ്കയിലാണ്. നിലവിൽ വലിയ മത്സരങ്ങൾ ഒന്നും നേരിടാതെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ടെക് ഭീമന്മാർക്ക് അവരുടെ പ്ലാറ്റ്ഫോമുകളിൽ അടിസ്ഥാനപരമായ പല മാറ്റങ്ങളും ഈ പുതിയ നിയമം വഴി വരുത്തേണ്ടി വരുമെന്നുള്ളതാണ് പ്രധാനമായി ആശങ്കയ്ക്ക് കാരണം. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ആമസോൺ എന്നിവ ഉൾപ്പെടെയുള്ള വൻകിട ടെക് കമ്പനികൾ ആണ് ഡിജിറ്റൽ കോമ്പറ്റീഷൻ ബില്ലിനെ കുറിച്ച് ആശങ്ക ഉന്നയിക്കുന്നത്.
യൂറോപ്യൻ യൂണിയനിൽ നേരത്തെ നടപ്പിലാക്കപ്പെട്ടിട്ടുള്ള ഒരു ഡിജിറ്റൽ നിയമത്തിന് സമാനമാണ് ഇന്ത്യയുടെ ഡിജിറ്റൽ കോമ്പറ്റീഷൻ ബിൽ. ഗൂഗിൾ, ഫേസ്ബുക്ക് അടക്കമുള്ള വൻകിട ടെക് കമ്പനികൾ ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ സ്വയം തിരഞ്ഞെടുക്കുന്നതും ശേഖരിക്കുന്ന ഡാറ്റകൾ മറ്റൊരു ഗ്രൂപ്പിനോ കമ്പനിക്കോ നൽകുന്നതും തടയുന്നതാണ് ഇന്ത്യയുടെ ഡിജിറ്റൽ കോമ്പറ്റീഷൻ ബിൽ. ഈ നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് കനത്ത തുക പിഴ ചുമത്താനും സർക്കാരിന് കഴിയുന്നതാണ്.
ഇന്ത്യ നിയമമാക്കാൻ ഒരുങ്ങുന്ന പുതിയ ഡിജിറ്റൽ കോമ്പറ്റീഷൻ ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ള മറ്റൊരു സുപ്രധാന കാര്യമാണ്, സെർച്ച് എഞ്ചിനുകൾ, സോഷ്യൽ മീഡിയ സൈറ്റുകൾ എന്നിവ പോലെയുള്ള കോർ ഡിജിറ്റൽ സേവനങ്ങളെ സിസ്റ്റമാറ്റിക് സിഗ്നിഫിക്കറ്റ് ഡിജിറ്റൽ എന്റർപ്രൈസ് (SSDE) ആയി നിശ്ചയിക്കും എന്നുള്ളത്. ഒരു കമ്പനിയെ എസ് എസ് ഡി ഇ ആയി കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഇവയാണ്,
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി ഈ കമ്പനിയുടെ ഇന്ത്യയിലെ വിറ്റ് വരവ് 4000 കോടി രൂപയിൽ കുറയാത്തതാകണം. അല്ലെങ്കിൽ കമ്പനിയുടെ ആഗോള വിറ്റുവരവ് 30 ബില്യൺ ഡോളർ എങ്കിലും ഉണ്ടാകണം.
കമ്പനിയുടെ ഇന്ത്യയിലെ മൊത്തം വ്യാപാര മൂല്യം പതിനാറായിരം കോടി രൂപയിൽ കുറയാതിരിക്കണം.
ഈ കമ്പനികൾ നൽകുന്ന പ്രധാന ഡിജിറ്റൽ സേവനത്തിന് ഒരു കോടിയോളം ഉപയോക്താക്കളും പതിനായിരത്തോളം ബിസിനസ് ഉപയോക്താക്കളും ഉണ്ടായിരിക്കണം.
ഇത്തരത്തിൽ എസ് എസ് ഡി ഇ ആയി കണക്കാക്കുന്ന കമ്പനികൾക്ക് മൂന്നാംകക്ഷി ആപ്ലിക്കേഷൻ നിയന്ത്രിക്കുന്നതിൽ നിന്നും നിരോധനം ഏർപ്പെടുത്തുന്നതാണ്. കൂടാതെ നിയമലംഘനം നടത്തിയാൽ ആഗോള വിറ്റുവരവിന്റെ 10% വരെ പിഴയായും ചുമത്തുന്നതാണ്.
ഇന്ത്യയിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിനാണ് സുപ്രധാന ഡിജിറ്റൽ സംരംഭങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്വമുള്ളത്. നിലവിൽ 2002ലെ കോമ്പറ്റീഷൻ ആക്ട് പ്രകാരം ഉള്ള പോസ്റ്റ് ആന്റി ട്രസ്റ്റ് ചട്ടക്കൂടാണ് ഇന്ത്യ പിന്തുടർന്ന് വരുന്നത്. എന്നാൽ ഇതുവഴി ഡിജിറ്റൽ വിപണി ദുരുപയോഗം ചെയ്യപ്പെടുകയും ഇതിനെതിരായുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുകയും ചെയ്യുന്നതിനാലാണ് ഇന്ത്യ ഒരു പുതിയ ഡിജിറ്റൽ കോമ്പറ്റീഷൻ ബിൽ അവതരിപ്പിക്കുന്നത്. ഈ നിയമം പ്രാബല്യത്തിൽ വരികയാണെങ്കിൽ മൂന്നാംകക്ഷി ആപ്പ് സ്റ്റോറുകളിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഐഫോൺ ഉപഭോക്താക്കൾക്കും കഴിയുന്നതായിരിക്കും.
സേവനങ്ങൾ, ഉള്ളടക്കങ്ങൾ, ചരക്കുകൾ എന്നിവ വിൽപ്പന നടത്തുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ അധികാര ദുർവിനിയോഗം തടയുന്നതാണ് ഡിജിറ്റൽ കോമ്പറ്റീഷൻ ബിൽ. ബിൽ നടപ്പിലാക്കപ്പെട്ടാൽ ടെക് ഭീമന്മാരായ കമ്പനികൾ തമ്മിൽ തന്നെ കൂടുതൽ മത്സരങ്ങൾ ഉണ്ടാവുകയും കൂടുതൽ നവീകരണങ്ങളും മികച്ച ഗുണനിലവാരവും കുറഞ്ഞ വിലയിൽ അവതരിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരാകുകയും ചെയ്യുന്നതാണ്.
Discussion about this post