ഡല്‍ഹി: പാകിസ്ഥാനെതിരെ ശക്തമായ താക്കീതുമായി എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു രംഗത്ത്. ഭീകരരെ സഹായിക്കുന്ന പാകിസ്ഥാന്‍ 1971-ല്‍ എന്ത് സംഭവിച്ചുവെന്ന് ഓര്‍ക്കണം. നമ്മുടെ അയല്‍ക്കാര്‍ അസ്വസ്ഥരാണ്. മറ്റു രാജ്യത്തുള്ളവരേയും അവര്‍ അസ്വസ്ഥരാക്കികൊണ്ടിരിക്കുകയാണ്. എന്നാല്‍ ഞങ്ങളുടെ ഐക്യം നിങ്ങള്‍ മനസ്സിലാക്കണം. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനങ്ങള്‍ ഒറ്റക്കെട്ടാണ്. അവര്‍ ഒരുമിച്ച് പോരാടുകയും ചെയ്യുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ഡല്‍ഹിയില്‍ കാര്‍ഗില്‍ പരാക്രം പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദം മനുഷ്യത്വത്തിന്റെ ശത്രുവാണ്. അതിന് മതമില്ല. നിര്‍ഭാഗ്യവശാല്‍ ഭീകരവാദമാണ് പാകിസ്ഥാന്റെ ദേശീയ നയമെന്നും അദ്ദേഹം പറഞ്ഞു. ഭീകരരെ സഹായിക്കുകയും തണലൊരുക്കകയും ചെയ്യുന്ന അയല്‍ക്കാര്‍ മനസ്സിലാക്കണം അവരില്‍ നിന്ന് സഹായം ലഭിക്കെല്ലെന്ന്. 1971 യുദ്ധത്തില്‍ സംഭവിച്ചത് പാകിസ്ഥാന്‍ ഓര്‍ത്തുവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
അയല്‍രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ഇന്ത്യ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. ഞങ്ങള്‍ സമാധാനത്തോടെയും സ്‌നേഹത്തോടെയും ജീവിക്കുന്നവരാണ്. ഒരു രാജ്യത്തിന് നേരെയും അക്രമം നടത്താതാണ് ഞങ്ങളുടെ പ്രത്യേകത. നമുക്ക് യുദ്ധത്തിന്റെ ആവശ്യമില്ല. ഒരു ഏറ്റുമുട്ടലും ആക്രമണങ്ങളും ആഗ്രഹിക്കുന്നില്ല. സമാധാനം മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നായിഡു വ്യക്തമാക്കി.
അതേസമയം കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഓര്‍ക്കണമെന്നും അതില്‍ നിന്ന് ഒരിഞ്ച് ആര്‍ക്കും വിട്ടു നല്‍കില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Discussion about this post