ഡല്‍ഹി: രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഉച്ചക്ക് 12. 13 നായിരുന്നു ചടങ്ങ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കെ.ആര്.നാരായണന് ശേഷം ദളിത് വിഭാഗത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യത്തെയാളാണ് രാംനാഥ് കോവിന്ദ്.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ടപതി ഡോ.ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാന മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍,എംപിമാര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍, വിശിഷ്ട വ്യക്തികള്‍, വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം 21 ആചാരവെടി മുഴക്കിയാണ് പുതിയ രാഷ്ട്രപതിയുടെ കസേര കൈമാറ്റം നടക്കും.
സത്യപ്രതിജ്ഞാ ചടങ്ങിന് പുറപ്പെടും മുമ്പ് ഗാന്ധിസമാധിയായ രാജ്ഘട്ടില്‍ രാംനാഥ് കോവിന്ദ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതിയും പുതിയ രാഷ്ട്രപതിയും ഒരേ വാഹനത്തിലാണ് അംഗരക്ഷകരുടെ അകമ്പടിയില്‍ പാര്‍ലമെന്റില്‍ എത്തിയത്. ഇരുവരെയും പാര്‍ലമെന്റില്‍ ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, ലോക്സഭയുടേയും രാജ്യസഭയുടേയും സെക്രട്ടറി ജനറല്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ച് ആനയിച്ചത്.
പാര്‍ലമെന്റിലേക്ക് കടന്നപ്പോള്‍ സ്ഥാനമൊഴിയുന്ന രാഷ്ട്രപതിക്ക് അംഗരക്ഷകര്‍ സല്യൂട്ട് നല്കി. തിരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം രാഷ്ട്രപതിഭവനിലേക്ക് പോകുമ്പോള്‍ പുതിയ രാഷ്ട്രപതി അംഗ രക്ഷകര്‍ സല്യൂട്ട് നല്‍കും. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ നമ്പര്‍ 10, രാജാജി മാര്‍ഗിലേക്ക് തിരിക്കും.
Discussion about this post