ന്യൂഡൽഹി: കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ കരണം പുകച്ച് പാർട്ടി പ്രവർത്തകർ. വടക്ക് കിഴക്കൻ ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു കനയ്യ കുമാറിനെ മർദ്ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബ്രഹാംപുരിയിലെ 229 വാർഡിലെ തിരഞ്ഞെടുപ്പ് ഓഫീസിന് മുൻപിൽ ആയിരുന്നു സംഭവം. തിരഞ്ഞെടുപ്പ് ഓഫീസിൽ എത്തിയ കനയ്യകുമാർ പ്രദേശിക നേതാക്കളുടെ യോഗം ചേർന്നിരുന്നു. ഇതിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു സ്വന്തം പ്രവർത്തകർ തന്നെ അദ്ദേഹത്തെ ആക്രമിച്ചത്. കനയ്യകുമാറിന്റെ വരവ് അറിഞ്ഞ് നിരവധി പ്രവർത്തകർ ആയിരുന്നു ഓഫീസിന് മുൻപിൽ തടിച്ച് കൂടിയിരുന്നത്. ഓഫീസിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹത്തിന് ഹാരം അണിയിക്കാൻ ഒരു സംഘം അടുത്തെത്തി. ഹാരമണിയിച്ചതിന് പിന്നാലെ പ്രവർത്തകരിൽ ഒരാൾ കനയ്യ കുമാറിന്റെ കരണത്ത് അടിയ്ക്കുകയായിരുന്നു.
ഒന്നിലധികം തവണയാണ് പാർട്ടി പ്രവർത്തകൻ കരണത്ത് അടിച്ചത്. ഇതോടെ കനയ്യ കുമാറിന്റെ കൂട്ടത്തിലുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് ഇയാളെ പിടിച്ച് മാറ്റി. തുടർന്ന് കനയ്യ കുമാറിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. അടിയേറ്റ് കനയ്യ കുമാറിന്റെ മൂന്ന് പല്ലുകൾ പോയി എന്നാണ് വിവരം.
സംഭവത്തിൽ പാർട്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ ഡൽഹിയിലെ സ്ഥാനാർത്ഥിയായി കനയ്യ കുമാറിനെ പ്രഖ്യാപിച്ചതിൽ വലിയ എതിർപ്പായിരുന്നു പ്രവർത്തകർക്കിടയിൽ ഉണ്ടായത്. ഇതിനിടെയാണ് കനയ്യ കുമാറിനെ പരസ്യമായി പ്രവർത്തകർ മർദ്ദിച്ചത്.
https://twitter.com/i/status/1791491122717426053
Discussion about this post