അതിവേഗം ബഹുദൂരം…ബഹിരാകാശ ഗവേഷണ മേഖലയിൽ അത്ഭുത കുതിപ്പ് തുടരുകയാണ് ഭാരതത്തിന്റെ സ്വന്തം ഐഎസ്ആർഒ. ആര്യഭട്ടയിൽ നിന്നും ആരംഭിച്ച ഐഎസ്ആർഒയുടെ യാത്ര സൗര ദൗത്യമായ ആദിത്യ എൽ വണ്ണിൽ എത്തി നിൽക്കുകയാണ്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന അഭിമാന ദൗത്യമായ ഗഗൻയാൻ അവസാന ഘട്ടത്തിലാണ്. ഇതിനിടയിൽ ചൊവ്വാ ദൗത്യമായ മംഗൾയാൻ രണ്ടിന്റെ തയ്യാറെടുപ്പുകളും ഐഎസ്ആർഒ ആരംഭിച്ചിരിക്കുകയാണ്.
ഐഎസ്ആർഒയെ സംബന്ധിച്ച് ഏറെ നിർണായകമായ ദൗത്യമാണ് മംഗൾയാൻ 2. ഇതിന് പ്രധാന കാരണം ദൗത്യത്തിന്റെ സവിശേഷതൾ തന്നെയാണ്. ചന്ദ്രനിൽ ലാൻഡറും റോവറുമായിരുന്നുവെങ്കിൽ, ചൊവ്വയിൽ ഇറങ്ങുന്നത് റോവറും ഹെലികോപ്റ്ററാണ്. ഇതിന് മുൻപ് അമേരിക്കയും ചൈനയും മാത്രമാണ് ഈ സാങ്കേതിക വിദ്യ പരീക്ഷിച്ച് വിജയം വരിച്ചത്. അത് കൊണ്ട് തന്നെ മംഗൾയാൻ ദൗത്യം വിജയിച്ചാൽ ഐഎസ്ആർഒയുടെ നേട്ടത്തിൽ മറ്റൊരു പൊൻതൂവൽ കൂടിയായിരിക്കും അത്. ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ യിലാണ് മംഗൾയാൻ 2 വിക്ഷേപിക്കുക. ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമാണ് എൽവിഎം 3. അത്യാധുനിക സ്‌കൈ ക്രെയിനിന്റെ സഹായത്തോടെയായിരിക്കും റോവർ ചൊവ്വയിൽ ഇറക്കുക. സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.
അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ചൊവ്വാ ദൗത്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ സാങ്കേതി വിദ്യകൾ പരീക്ഷിക്കുന്നത്. പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്ത ഹെലികോപ്റ്റർ ആയിരിക്കും ദൗത്യത്തിന്റെ മുഖ്യ ആകർഷണം. ചൊവ്വയുടെ അന്തരീക്ഷത്തിൽ പറന്ന് ഈ ഹെലികോപ്റ്ററർ ഉപരിതലത്തിൽ നിരീക്ഷണം നടത്തും. നിലവിൽ ഈ ഹെലികോപ്റ്ററിന്റെ പണിപ്പുരയിലാണ് അധികൃതർ. ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച് പഠിക്കുന്ന മാർബെൽ അഥവാ മാരിടൈം ബൗണ്ടറി ലെയർ എക്സ്പ്ലോറർ ഉൾപ്പെടെയുള്ള സാങ്കേതിക ഉപകരണങ്ങൾ വഹിച്ചാകും ഹെലികോപ്റ്ററുകളുടെ സഞ്ചാരം. ഓരോ നൂറ് മീറ്റർ പിന്നിടുമ്പോഴും ഇവ ഗവേഷകർക്ക് വിവരങ്ങൾ കൈമാറും. ഭൂമിയും ചൊവ്വയും തമ്മിൽ വലിയ ദൂരമാണ് നിലനിൽക്കുന്നത്. അതിനാൽ മംഗൾയാനിൽ നിന്നുള്ള ആശയ വിനിമയത്തെ ഇത് ബാധിക്കും. എന്നാൽ ഇത് ഒഴിവാക്കാൻ മംഗൾയാൻ 2 ന്റെ വിക്ഷേപണത്തിന് മുന്നോടിയായി ഒരു റിലേ ഉപഗ്രഹം സ്ഥാപിക്കാനാണ് ഐഎസ്ആർഒയുടെ തീരുമാനം.
റോവറും ഹെലികോപ്റ്ററും തമ്മിലുള്ള ആശയവിനിമയം കൃത്യമാക്കാനും ഈ ഉപഗ്രഹത്തിന്റെ വിന്യാസത്തിലൂടെ കഴിയും. 2013 നവംബർ അഞ്ചിനായിരുന്നു ആദ്യ ചൊവ്വാ ദൗത്യമായ മംഗൾയാൻ വിക്ഷേപിച്ചത്. അടുത്ത വർഷം സെപ്തംബറോടെ പര്യവേഷണ വാഹനം ചൊവ്വയിൽ എത്തി. ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ച് പഠിക്കുന്നതിന് വേണ്ടിയായിരുന്നു ഈ ദൗത്യം. നിർണായകമായ മംഗൾയാൻ 2 പൂർണ വിജയത്തിൽ എത്തിക്കുകയാണ് ഐഎസ്ആർഒയുടെ ലക്ഷ്യം. അതിനാൽ അതീവ ജാഗ്രത പുലർത്തിയാണ് ഓരോ ചുവടുവയ്പ്പുകളും. മംഗൾയാൻ 2 വിജയിച്ചാൽ ബഹിരാകാശ ഗവേഷണ മേഖലയിൽ പുതിയ ചരിത്രമാകും ഇന്ത്യയും ഐഎസ്ആർഒയും രചിക്കുക
Discussion about this post