കോട്ടയം: ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍മിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിനും ഒരു വര്‍ഷം മുമ്പ് തന്നെ ഇക്കാര്യത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ചും സര്‍ക്കാരുമായി രഹസ്യധാരണയുണ്ടായിരുന്നതായി ആരോപണം. ഉന്നതതല സംഘത്തിന്റെ നിര്‍ദേശം അനുസരിച്ച് ബീലിവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിന് തീരുമാനമായെന്ന് ജൂലൈ 19ന് നടന്ന മന്ത്രിസഭ യോഗത്തിന് ശേഷമാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. എന്നാല്‍ കെപി യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യ 2016-ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടയില്‍ തന്നെ ശബരിമലവിമാനത്താവളം നിര്‍മിക്കുക ചെറുവള്ളി എസ്റ്റേറ്റിലായിരിക്കുമെന്ന് അറിയിച്ചിരുന്നു.
2017-ല്‍ മാത്രമാണ് വിമാനത്താവളത്തിനുള്ള സാധ്യത പഠിക്കാനും, സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാനും സര്‍ക്കാര്‍ തീരുമാനിക്കുന്നത്. വിമാനത്താവളത്തിനുള്ള സ്ഥലം കണ്ടെത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്റെ നേതൃത്വത്തില്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
കാഞ്ഞിരപ്പള്ളിയില്‍ നിന്നും എരുമേലി സബ്‌സ്റ്റേഷനിലേക്ക് ഇലക്ട്രിക്ക് ലൈന്‍ വലിക്കുമ്പോള്‍ മുറിച്ച് മാറ്റേണ്ടി വരുന്ന മരങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. മുറിച്ചുമാറ്റുന്ന മരങ്ങള്‍ ലേലം ചെയ്യാനും തുക പൊതുമേഖല ബാങ്കില്‍ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കാനുമാണ് കോടതി ഉത്തരവിട്ടത്. ഈ ഹര്‍ജി കഴിഞ്ഞ വര്‍ഷം ഒക്ടോബറര്‍ 25ന് ഹൈക്കോടതി തള്ളിയിരുന്നു. ഈ കേസിന്റെ വാദത്തിനിടെയായിരുന്നു എസ്റ്റേറ്റിലായിരിക്കും വിമാനത്താവളം നിര്‍മിക്കുക എന്ന് തോട്ടമുടകള്‍ ബോധിപ്പിച്ചിരുന്നത്. ഈ കാര്യത്തില്‍ അറിവില്ല എന്നായിരുന്നു അന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ നല്‍കിയ മറുപടി.
ശബരിമല വിമാനത്താവളത്തിന്റെ സ്ഥലം സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഈ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് തെഞ്ഞെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശ് ആരോപിക്കുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച സമിതിയുടെ നിര്‍ദേശം വരുന്നതിന് മുമ്പ് തന്നെ എങ്ങനെയാണ് പദ്ധതി പ്രദേശം ചെറുവള്ളി എസ്റ്റേറ്റാണെന്ന് ബിലീവേഴ്‌സ് ചര്‍ച്ച് ഉറപ്പിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു. സമിതി തീരുമാനിക്കുന്നതിന് മുമ്പ് തന്നെ സര്‍ക്കാരും സഭയും ഉദ്യോഗസ്ഥരും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയുണ്ടായിരുന്നു. ബീലിവേഴ്‌സ് ചര്‍ച്ച് നടത്തിയ കയ്യേറ്റം നിയമാനുസൃതമാണെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍ക്കാരിന്റെ നീക്കെമന്നും പ്രതിപക്ഷം ആരോപിക്കുന്നു.
അതേസമയം പദ്ധതിയെ കുറിച്ച് വിവിധ കക്ഷികളുടെ നേതാക്കള്‍ 2015 മുതലേ തങ്ങളോട് ചര്‍ച്ച ചെയ്തിരുന്നതായി ബിലീവേഴ്‌സ് ചര്‍ച്ച് പിആര്‍ഓ ഫാ. സിജോ പന്താപള്ളില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് അനുസരിച്ചാണ് കോടതിയില്‍ വാദമുയര്‍ത്തിയത്. 2005-ല്‍ തന്നെ ചെറുവള്ളി എസ്റ്റേറ്റ് റജിസ്റ്റര്‍ ചെയ്ത് ബീലിവേഴ്‌സ് ചര്‍ച്ച് സ്വന്തമാക്കിയെന്നും അദ്ദേഹം അവകാശപ്പെടുന്നു.
Discussion about this post