പട്ന: ബിഹാര്‍ പിടിച്ചെടുത്തതിന് പിന്നാലെ ബിജെപിയുടെ അടുത്ത ലക്ഷ്യം ഡല്‍ഹിയും തമിഴ്നാടുമെന്ന് റിപ്പോര്‍ട്ട്. ബിഹാറിലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി ഈ സംസ്ഥാനങ്ങളില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. 2015-ലെ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഉണ്ടായ തിരിച്ചടി ഇപ്പോള്‍ രാഷ്ട്രീയ നേട്ടമാക്കി മാറ്റാന്‍ ബിജെപിക്ക് സാധിച്ചത് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കമാകുമെന്ന് വിലയിരുത്തല്‍. ലാലുപ്രസാദുമായുള്ള ബന്ധം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ തിരികെയെത്തിയത് അത്തരമൊരു നീക്കത്തിന്റെ തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
2014-ല്‍ നരേന്ദ്ര മോദി ചരിത്ര വിജയം നേടി അധികാരത്തില്‍ വരുമ്പോള്‍ ഒന്നിനുപിറകെ ഒന്നായി ഓരോ സംസ്ഥാനങ്ങളും കൈപ്പിടിയിലൊതുക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പാതയാണ് ബിഹാറിലെ അധികാര മാറ്റത്തിലൂടെ ബിജെപി തെളിച്ചെടുത്തിരിക്കുന്നത്. ബിജെപിയുടെ അടുത്ത ലക്ഷ്യം ഡല്‍ഹിയും തമിഴ്നാടുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ബിജെപി നേട്ടമുണ്ടാക്കിയപ്പോഴും രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത ആംആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭയില്‍ നേടിയ വിജയം ബിജെപിയെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കേന്ദ്രവുമായി നിരന്തരം ഏറ്റുമുട്ടിക്കൊണ്ടുമിരുന്നു.
എന്നാല്‍, ഡല്‍ഹി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ നേട്ടങ്ങള്‍ വലിയ ചുവടുവയ്പായാണ് ബിജെപി കാണുന്നത്. അതുകൊണ്ടു തന്നെയാണ് പാര്‍ട്ടിയെയും നേതാക്കളെയും ഒറ്റക്കെട്ടാക്കി നിര്‍ത്തിക്കൊണ്ട് ഡല്‍ഹില്‍ പിടിച്ചെടുക്കാന്‍ ഡല്‍ഹിയിലെ ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി ശ്രമം നടത്തുന്നതും. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ നഷ്ടമായ കെജ്രിവാളിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി ജനങ്ങളെ അണിനിരത്താനാണ് ബിജെപിയുടെ ശ്രമം. മാത്രമല്ല, എഎപിയില്‍ പല എംഎല്‍എമാരും തങ്ങളുടെ അതൃപ്തി ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിക്കുന്നത് എഎപിയില്‍ വളരുന്ന അസ്വസ്ഥതകളുടെ സൂചനയായും ബിജെപി കാണുന്നു.
തമിഴ്നാടാണ് ബിജെപിയുടെ മറ്റൊരു പ്രധാന ലക്ഷ്യസ്ഥാനം. ബിജെപിയുടെ ഉത്തരേന്ത്യന്‍ പരിവേഷം ഇല്ലാതാക്കുന്നതിന് ദക്ഷിണേന്ത്യയില്‍ ബിജെപിയ്ക്ക് സ്വാധീനമുള്ള ഒരു സംസ്ഥാനം ആവശ്യമാണ്. അതിന് ഏറ്റവും അനുയോജ്യമായി ബിജെപി കാണുന്നത് തമിഴ്നാടാണ്.
ജയലളിതയുടെ മരണത്തോടെ ഉണ്ടായ രാഷ്ട്രീയ ശൂന്യത മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമം. തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രവേശനത്തിന് ഉചിതമായ സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമം ബിജെപി നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തെ തുടര്‍ന്ന് ബിജെപി ദേശീയ നേതാവ് നിതിന്‍ ഗഡ്കരി അദ്ദേഹത്തെ ബിജെപിയിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് പ്രസ്താവനയിറക്കിയിരുന്നു. രജനീകാന്തുമായി ബിജെപി നേതാക്കള്‍ രഹസ്യ കൂടിയാലോചനകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാണ് തമിഴ്നാട്ടിലെ ബിജെപിയുടെ പദ്ധതികളെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്കുന്ന സൂചന. അതിനായി സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തിവരുന്നത്. വൈകാതെ അത് വോട്ടുകളായി മാറും എന്നാണ് ബിജെപി കരുതുന്നത്.
Discussion about this post