വടകര: കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിന്റെ പണപ്പിരിവിനെച്ചൊല്ലി വീണ്ടും വിവാദം. വ്യാജ രസീതുമായി ബന്ധപ്പെട്ട് അധ്യാപകനെ ബിജെപി നേതാക്കള്‍ മര്‍ദിച്ചതായി പരാതി. വടകര ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളേജിലെ അധ്യാപകനും ബിജെപിയുടെ പ്രാദേശിക നേതാവുമായിട്ടുള്ള ശശികുമാറിനെയാണ് മര്‍ദ്ദിച്ചത്. വ്യാജ രസീത് പുറത്തായത് അധ്യാപകന് മുഖേനയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ ശശികുമാറിന്റെ പരാതിയില്‍ 15 പേര്‍ക്കെതിരേ പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെ ശശികുമാര്‍ പയ്യോളി പോലീസില്‍ പരാതി നല്കി. ശശികുമാറിനെ മൂന്ന് മണിക്കൂര്‍ തടഞ്ഞുവെച്ചുവെന്നാണ് ആരോപണം. പ്രിന്‍സിപ്പലിന്റെയും മാനേജ്മെന്റ് പ്രതിനിധികളുടേയും അടുത്തിരിക്കുമ്പോഴാണ് കോളറിന് പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. കഴുത്തിന് പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ശശികുമാര്‍ പറഞ്ഞു. കോളേജ് അക്കൗണ്ടന്റ് വിനോദിനേയും ഭീഷണിപ്പെടുത്തി.
നേരത്തെ വ്യാജരസീത് വിവാദം ഉണ്ടായപ്പോള്‍ എം.എച്ച്.ഇ.എസ് കോളേജിന് നല്കിയ വ്യാജരസീത് പുറത്തായിരുന്നു. ഇത് ശശികുമാര്‍ വഴിയാണ് പുറത്തായതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.
ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പി.പി.മുരളി, ജനറല്‍ സെക്രട്ടറി എടക്കുടി മനോജ്, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രിപേഷ്, പഞ്ചായത്ത് കമ്മറ്റി മെമ്പര്‍ സുനില്‍, മണിയൂര്‍ പഞ്ചായത്ത് പ്രസഡന്റ് സുനില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തന്നെ മര്‍ദ്ദിച്ചതെന്നും ശശികുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയാണ് ബിജെപി നേതാക്കള്‍ കോളേജിലേക്കെത്തിയത്. ശശികുമാറിനെ സംഘം ബന്ദിയാക്കുകയും ഭീഷണിപ്പെടുത്തി വെള്ളപേപ്പറില്‍ ഒരു ജനറല്‍ സെക്രട്ടറിയുടെ അറിവോടെയാണ് താന്‍ രസീത് പുറത്തെത്തിച്ചത് എന്ന് ശശികുമാറില്‍ നിന്ന് എഴുതി വാങ്ങുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
ദേശീയ കൗണ്‍സിലിന്റെ നടത്തിപ്പിനായി പണം സമാഹരിക്കുന്നതിന് വ്യാജ രസീത് അടിച്ചതിന്റെ തെളിവുകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. വടകരയിലെ പ്രസിലാണ് രസീത് അച്ചടിച്ചതെന്നാണ് വിവരം. 2016 സെപ്തംബര്‍ 23, 24, 25 തീയതികളിലായിരുന്നു ബിജെപി ദേശീയ കൗണ്‍സില്‍ നടന്നത്.
Discussion about this post