മൂന്നാര്‍: ശ്രീറാം വെങ്കിട്ടരാമന് പകരക്കാരനായി എത്തിയ ദേവികുളം സബ്കളക്ടറും പണി തുടങ്ങി. ദേവികുളം സബ് കലക്ടര്‍ വി.ശ്രീറാമിന്റെ മാറ്റത്തെ തുടര്‍ന്നു മൂന്നാര്‍ മേഖലയില്‍ നിലച്ചു കിടന്ന കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ റവന്യു വകുപ്പ് പുനരാരംഭിച്ചു. ദേവികുളം സബ്കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കട്ടരാമനെ കയ്യേറ്റ മാഫിയയ്ക്കെതിരെ ശക്തമായ നടപടിയെടുത്തതിനെ തുടര്‍ന്നാണ് മാറ്റിയത്.
പകരം ദേവികുളത്ത് സബ് കളക്ടറായി എത്തിയത് വി ആര് പ്രേംകുമാറാണ്. ശ്രീറാമിന്റെ പോലെ ആയിരിക്കില്ല രാഷ്ട്രീയ നേതൃത്വത്തിന്റെ ആഗ്രഹത്തിനൊത്ത് നില്‍ക്കുമെന്ന വിലയിരുത്തത്തിലായിരുന്നു പ്രേംകുമാറിന്റെ സ്ഥാനാരോഹണം. എന്നാല്‍ ആ ചിന്താഗതിയെ പാടെ മാറ്റിമറിക്കുകയായിരുന്നു.
മാത്രമല്ല ശ്രീറാം തുടങ്ങിയത് പ്രേംകുമാര്‍ അതിവേഗത്തിലാകും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്നാര്‍ മേഖലയില്‍ നിലച്ചു കിടന്ന കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ഇന്നലെ റവന്യു വകുപ്പ് പുനരാരംഭിച്ചു. സി.പി.എം പാര്‍ട്ടി ഗ്രാമമായ മൂന്നാര്‍ ഇക്കാനഗറിലെ കയ്യേറ്റമാണ് ഒഴിപ്പിച്ചത്. ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ പുരോഗമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലെ കയ്യേറ്റമാണ് ഒഴിപ്പിച്ചത്.
ഭൂമി കയ്യേറിയത് ഗൂഡാര്‍വിള നെറ്റിക്കുടി സ്വദേശിനി ഐയമ്മ, മകള്‍ ജയ എന്നിവരാണെന്ന് റവന്യു വകുപ്പ് പറഞ്ഞു. ഇവിടെ നിര്‍മ്മിച്ചു കൊണ്ടിരുന്ന കെട്ടിടവും റവന്യൂ സംഘം പൊളിച്ചു മാറ്റി. മുന്‍പ് മൂന്നു തവണ കയ്യേറ്റം ഒഴിപ്പിച്ചെടുത്ത ഭൂമിയാണിത്. സബ് കലക്ടര്‍ വി.ആര്.പ്രേംകുമാറിന്റെ നിര്‍ദേശപ്രകാരം സ്പെഷല്‍ തഹസില്‍ദാര്‍ പി.ജെ.ജോസഫ്, ഭൂസംരക്ഷണ സേനാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍. വരും ദിവസങ്ങളിലും ഒഴുപ്പിക്കല്‍ തുടങ്ങും.
മൂന്നാറില്‍ ശ്രീറാം വെങ്കിട്ടരാമന് സ്ഥലം മാറിപ്പോയതോടെ വീണ്ടും കൈയേറ്റക്കാര്‍ തലപൊക്കിയിരുന്നു. പുതിയ കൈയേറ്റം രണ്ടാംമൈല്‍ ആനച്ചാല്‍ റോഡിന്റെ പുറമ്പോക്ക് ഭൂമി കൈയേറി ഷെഡ് നിര്‍മ്മിച്ചതാണ്. ചിത്തിരപുരത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വാലി വിസ്റ്റ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള വളവിലാണ് തകരഷീറ്റ് ഉപയോഗിച്ച് റിസോര്‍ട്ട് മാഫിയ ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത്.
കൈയേറ്റഭൂമിയില്‍ നിര്‍മ്മിക്കപ്പെടുന്ന ഇത്തരം ഷെഡുകള്‍ കാലക്രമേണ കൂറ്റന്‍ റിസോര്‍ട്ടുകളായി മാറുകയാണ് പതിവ്.
Discussion about this post