ഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന ബിജെപി എംപിമാരുടെ പ്രസ്താവനയ്‌ക്കെതിരെ ലോക്‌സഭയില്‍ ഇടതുപാര്‍ട്ടികളുടെ പ്രതിഷേധം. എംപിമാരായ മീനാക്ഷി ലേഖി, പ്രഹ്ലാദ് ജോഷി എന്നിവരാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് സഭയുടെ ശ്രദ്ധ ക്ഷണിച്ച് പ്രസ്താവന നടത്തിയത്. ഇരുവരും പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് ഇടത് എംപിമാര്‍ ബഹളം വച്ചത്.
ഇവര്‍ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികള്‍ അല്‍പസമയത്തേക്ക് തടസപ്പെട്ടു. സഭയില്‍ ഇല്ലാത്ത ആളുകളെ പേരെടുത്ത് വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഇടത് എംപിമാര്‍ ചൂണ്ടിക്കാട്ടി. ശൂന്യവേളയില്‍ പി. കരുണാകരന്‍ എംപിയാണ് വിഷയം ഇന്ന് സഭയില്‍ ഉന്നയിച്ചത്. സഭയില്‍ ഇല്ലാത്തവരുടെ പേര് ഉന്നയിച്ചാല്‍ അവര്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭ ബഹളത്തില്‍ മുങ്ങിയതോടെ സ്പീക്കര്‍ സഭാനടപടികള്‍ അല്‍പസമയത്തേക്ക് നിര്‍ത്തിവച്ചു.
അതേസമയം വീണ്ടും സഭ സമ്മേളിച്ചപ്പോള്‍ ഈ വിഷയം ഉന്നയിക്കാന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍, കരുണാകരന്‍ എംപിയെ അനുവദിച്ചില്ല. എന്നാല്‍, മുഹമ്മദ് സലീം ഉള്‍പ്പെടെയുള്ള സിപിഎം എംപിമാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സ്പീക്കര്‍ ഭരണപക്ഷത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങരുതെന്ന് സലീം ആവശ്യപ്പെട്ടു. തുടര്‍ന്ന്, കരുണാകരെ സംസാരിക്കാന്‍ അനുവദിച്ചു.
കേരളത്തിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ആര്‍എസ്എസ്, ബിജെപി നേതാക്കളെയും ഇടതു പാര്‍ട്ടികളുടെ നേതാക്കളെയും വിളിച്ച് യോഗം ചേര്‍ന്നിരുന്നുവെന്ന് കരുണാകരന്‍ സഭയെ അറിയിച്ചു. കേരളത്തില്‍ നിരവധി ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പാര്‍ട്ടി സെക്രട്ടറി സീതാറാം യച്ചൂരിക്ക് നേരെയുണ്ടായ ആക്രമണവും കരുണാകരന്‍ സഭയെ ഓര്‍മിപ്പിച്ചു. ബിജെപി എംപിമാര്‍ പ്രതിഷേധം തുടര്‍ന്നപ്പോള്‍ സഭയെ ‘കുരുക്ഷേത്ര’മാക്കരുതെന്നും വാദപ്രതിവാദങ്ങള്‍ നടക്കുന്ന ‘ധര്‍മക്ഷേത്രം’ ആക്കണമെന്നും സ്പീക്കര്‍ സുമിത്രാ മഹാജന്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച ശൂന്യവേളയിലാണ് പ്രഹ്ലാദ് ജോഷിയും മീനാക്ഷി ലേഖിയും പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
രാഷ്ട്രീയ കൊലപാതകങ്ങളുടെ കേരളം ‘ദൈവം കയ്യൊഴിഞ്ഞ നാടാ’യിരിക്കുന്നുവെന്ന ബിജെപി എംപിമാരുടെ പ്രസ്താവനയാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. കേരളത്തിലെ സംഭവവികാസങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും തങ്ങളെ കടന്നാക്രമിച്ച പ്രതിപക്ഷത്തിനു മറുപടി നല്‍കുകയായിരുന്നു അവര്‍. സിപിഎമ്മിനെ ആക്രമണകാരികളായും കോണ്‍ഗ്രസിനെയും മുസ്‌ലിം ലീഗിനെയും തങ്ങള്‍ക്കൊപ്പം ഇരകളായും ബിജെപി നേതാക്കള്‍ അവതരിപ്പിച്ചു. താലിബാന്‍ ശൈലിയില്‍ രാഷ്ട്രീയ എതിരാളികളെ സിപിഎം കൊന്നൊടുക്കുകയാണെന്നു ബിജെപിയിലെ ‘കേരള വിദഗ്ധ’യായ ലേഖി ആരോപിച്ചിരുന്നു.
കഴിഞ്ഞ 17 മാസത്തിനുള്ളില്‍ 17 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നു ജോഷിയും ചൂണ്ടിക്കാട്ടി. പഹ്‌ലു ഖാനെയും അഖ്‌ലഖിനെയും കുറിച്ചു കേട്ടിട്ടുള്ളവര്‍ കേള്‍ക്കാത്ത ചില പേരുകള്‍ കേരളത്തിലുണ്ടെന്നു പറഞ്ഞ ലേഖി, ജയകൃഷ്ണന്‍ മുതല്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രാജേഷ് വരെയുള്ളവരെ പരാമര്‍ശിച്ചു. രാജേഷിന്റെ ശരീരത്തില്‍ 80 മുറിവുകളുണ്ടായിരുന്നു. കൈകള്‍ അരിഞ്ഞെറിയപ്പെട്ടു. കണ്ണൂരില്‍ മാത്രം കൊലക്കത്തിക്കിരയായതു 40 കോണ്‍ഗ്രസുകാര്‍. നിരവധി മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും വധിക്കപ്പെട്ടു. ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്നതു മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണെന്നും അവര്‍ കുറ്റപ്പെടുത്തി.
Discussion about this post