ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനു പിന്നാലെ സേന ടിബറ്റിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ യുദ്ധ സമാനമായ തീവ്രപരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. തുടര്‍ച്ചയായി ഇന്ത്യയ്ക്കു മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ വെള്ളിയാഴ്ചയാണ് ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ടിബറ്റിലെ ഒരു പ്രത്യേക സ്ഥലത്തുവച്ചാണ് സൈനിക അഭ്യാസം നടന്നതെന്നാണ് വിവരം. മിസൈലുകള്‍ വിക്ഷേപിക്കുന്നതിന്റെയും ശക്തമായ സ്‌ഫോടനങ്ങളുടെയും പീരങ്കികള്‍ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വിഡിയോയില്‍ ഉണ്ട്. ചെറിയ ടാങ്കുകളുടെ ഉള്‍പ്പെടെ അതിനൂതന ആയുധങ്ങളുടെ പരീക്ഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സമുദ്രനിരപ്പില്‍ നിന്ന് 5100 മീറ്റര്‍ ഉയരത്തിലാണ് പരിശീലനം നടന്നത്.
സിക്കിം സെക്ടറിലെ ദോക് ലാ മേഖലയില്‍ ചൈന റോഡ് നിര്‍മിക്കുന്നത് തടയാന്‍ ഇന്ത്യന്‍ സൈന്യം രംഗത്തിറങ്ങിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇന്ത്യന്‍ സൈന്യം പിന്‍മാറിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന നിലപാടിലാണു ചൈന.
എന്നാല്‍, ചൈനീസ് സൈന്യമാണ് കരാര്‍ ലംഘിച്ചതെന്നാണ് ഇന്ത്യയുടെ നിലപാട്. ഇരു രാജ്യങ്ങളും മുന്‍കരുതല്‍ നടപടിയായി കൂടുതല്‍ സൈന്യത്തെ മേഖലയില്‍ എത്തിച്ചിട്ടുണ്ട്. അതിനിടെയാണ് കടുത്ത പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടത്.
Discussion about this post