അഹമ്മഹാബാദ്: ഗുജറാത്ത്, ബംഗാള്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഒഴിവുവരുന്ന പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേല്‍ മത്സരിക്കുന്ന ഗുജറാത്താണ് ശ്രദ്ധാകേന്ദ്രം. ഗുജറാത്തില്‍നിന്നു രാജ്യസഭയിലേക്കു ജയിച്ചുകയറാന്‍ കോണ്‍ഗ്രസും അട്ടിമറിക്കൊരുങ്ങി ബിജെപിയും കളം നിറയുമ്പോള്‍ മല്‍സരം മുറുകുമെന്നുറപ്പ്. ആരൊക്കെ മറുകണ്ടം ചാടുമെന്നാണ് ഇരുപാര്‍ട്ടികളും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഗുജറാത്തില്‍ ഒഴിവുള്ള മൂന്നു സീറ്റില്‍ നാലു പേരാണു മത്സരിക്കുന്നത്.
ജയം ഉറപ്പായിരുന്ന സീറ്റില്‍, മുതിര്‍ന്ന നേതാവ് ശങ്കര്‍ സിങ്ങ് വഗേലയും ആറ് എംഎല്‍എമാരും പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. ഇതോടെ കൂടുതല്‍ രാജി തടയാന്‍ എംഎല്‍എമാരെ ബെംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റി. പത്ത് ദിവസത്തിന് ശേഷം ഇവര്‍ ഇന്നലെ ഗുജറാത്തില്‍ തിരിച്ചെത്തിയെങ്കിലും റിസോര്‍ട്ടില്‍ ഒളിപ്പിച്ചിരിക്കുകയാണ്. സോണിയയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ അഹമ്മദ് പട്ടേലിനെ ജയിപ്പിക്കേണ്ടത് ദേശീയ നേതൃത്വത്തിന്റെ അഭിമാന പ്രശ്നമാണ്.
മൂന്ന് സീറ്റുകളിലേക്കാണ് മത്സരം. രണ്ടെണ്ണം ബിജെപി ജയിക്കും. ഇതില്‍ അമിത് ഷായും സ്മൃതി ഇറാനിയും പത്രിക നല്‍കിയിട്ടുണ്ട്. അഹമ്മദ് പട്ടേലിനെതിരെ വഗേലയുടെ ബന്ധുവിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് അസാധു വോട്ട് (നോട്ട) ഏര്‍പ്പെടുത്തിയതും കോണ്‍ഗ്രസ്സില്‍ ആശങ്ക പരത്തി.
ആറ് സീറ്റുകളിലേക്കാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ്. ആറ് പതിറ്റാണ്ടിന് ശേഷം ബംഗാളില്‍ ആദ്യമായി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയില്ലെന്ന നാണക്കേടിലാണ് സിപിഎം. യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സംസ്ഥാന ഘടകത്തിന്റെ തീരുമാനം കാരാട്ട് പക്ഷം തടഞ്ഞിരുന്നു.
മുന്‍ മേയര്‍ ബികാഷ് ഭട്ടാചാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും നാമനിര്‍ദ്ദേശ പത്രിക തള്ളി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ പത്രികാസമര്‍പ്പണത്തില്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തിയെന്ന ആരോപണം സിപിഎം നേരിടുന്നുണ്ട്.
തിരഞ്ഞെടുപ്പിനുള്ള അവസാനവട്ട കരുനീക്കങ്ങള്‍ക്കായി ബിജെപി അധ്യക്ഷനും സ്ഥാനാര്‍ഥിയുമായ അമിത് ഷാ ഗുജറാത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി വിജയ് രുപാണി, നിയമമന്ത്രി പ്രദീപ്സിങ് ജഡേജ എന്നിവരുമായും ബിജെപി നേതാക്കളുമായും അമിത് ഷാ ചര്‍ച്ച നടത്തി. മുന്‍ കോണ്‍ഗ്രസ് ചീഫ് വിപ്പും ഇപ്പോള്‍ ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയുമായ ബല്‍വന്ത്സിങ് രാജ്പുട്ടിനെ ജയിപ്പിക്കാന്‍ അമിത് ഷാ ചാണക്യതന്ത്രം പ്രയോഗിക്കുമോ എന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക. രക്ഷാബന്ധന് ആഘോഷിക്കാനാണ് ഷാ എത്തിയതെന്നും അദ്ദേഹത്തിനു മറ്റു പരിപാടികളില്ലെന്നുമാണു നേതാക്കള്‍ പറയുന്നത്. അമിത് ഷാ, സ്മൃതി ഇറാനി, രാജ്പുട്ട് എന്നിവരാണു ബിജെപിയുടെ സ്ഥാനാര്‍ഥികള്‍. മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 44 കോണ്‍ഗ്രസ് എംഎല്‍എമാരും വോട്ട് ചെയ്താല്‍ അഹമ്മദ് പട്ടേലിനു വിജയിക്കാം.
ഗുജറാത്തില്‍ ഇന്നു നിര്‍ണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ, എന്‍സിപിയുടെ ചുവടുമാറ്റം കോണ്‍ഗ്രസിനു അപ്രതീക്ഷിത തിരിച്ചടിയായി. തിങ്കളാഴ്ച രാത്രി നാടകീയമായി എന്‍സിപി നേതൃത്വം ബിജെപിക്കു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. രണ്ട് വോട്ടുകളാണ് എന്‍സിപിക്കുള്ളത്. ഇതോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും വിശ്വസ്തനുമായ അഹമ്മദ് പട്ടേലിന്റെ തിരഞ്ഞെടുപ്പ് വിജയം പ്രതിസന്ധിയിലായി. പിന്തുണ കോണ്‍ഗ്രസിനാണെന്ന് എന്‍സിപി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണു നിലപാടു മാറ്റിയതെന്നതു ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ആരെങ്കിലും വോട്ടുമാറി ചെയ്താല്‍ പട്ടേലിന്റെ നില പരുങ്ങലിലാകും.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ട് ചെയ്യുമെന്നു വ്യക്തമാക്കാതെ കോണ്‍ഗ്രസില്‍ നിന്നകന്നു നില്ക്കുന്ന മുന്‍ പ്രതിപക്ഷനേതാവ് ശങ്കര്‍സിങ് വഗേല. 1998 മുതല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന വഗേല ബിജെപിയില്‍ ചേരുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ നിലപാടെന്നത് ശ്രദ്ധേയമാണ്. ‘വോട്ട് ഓരോ എംഎല്‍എമാരുടെയും വ്യക്തിപരമായ അവകാശമാണ്. എന്റെ വോട്ട് ആര്‍ക്കാണെന്ന് വെളിപ്പെടുത്തേണ്ട ബാധ്യതയില്ല’ വഗേല വ്യക്തമാക്കി. ബന്ധങ്ങള്‍ക്കു രാഷ്ട്രീയം തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ട് പട്ടേലിനാണെന്നാണു നേരത്തേ ശങ്കര്‍സിങ് വഗേല പറഞ്ഞിരുന്നത്.
അഹമ്മദ് പട്ടേല്‍ തന്റെ അടുത്ത സുഹൃത്തായിത്തന്നെ തുടരുന്നുവെന്നും ബിജെപിയുമായി എന്തെങ്കിലും ധാരണയുണ്ടാക്കാന്‍ തനിക്കു വ്യക്തിപരമായി താല്പര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വഗേലയുടെ കൂടാതെ എന്‍സിപിയുടെ ജയന്ത് പട്ടേല്‍, കാന്ധല്‍ ജഡേജ, ഐക്യ ജനതാദളിന്റെ ചോട്ടുഭായ് വാസവ, ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയുടെ നളിന്‍ കോത്താഡിയ എന്നിവരുടെ വോട്ടുകളും ജയപരാജയം തീരുമാനിക്കും.
Discussion about this post