
ഡല്‍ഹി: അഖില കേസില്‍ സുപ്രീം കോടതിയില്‍ വാദം നടക്കുന്നതിനിടയില്‍ ബ്ലൂവെയ്ല്‍ ചലഞ്ചിനെ കുറിച്ചും പരാമര്‍ശമുണ്ടായി. അഖില കേസ് പരിഗണിക്കുന്നതിനിടയില്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാറാണ് ബ്ലൂവെയ്ല്‍ ഗെയിമിനെ കുറിച്ച് പരാമര്‍ശം നടത്തിയത്. അഖിലയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജെഹാന് വേണ്ടി കോടതിയില്‍ ഹാജരായ പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലിനോടാണ് ബ്ലൂവെയ്ല്‍ ചലഞ്ചിനെ കുറിച്ച് അറിയാമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത്.
ചീഫ് ജസ്റ്റിസ് എന്താണ് ബ്ലൂവെയ്ല്‍ ചലഞ്ച് പരാമര്‍ശം കൊണ്ട് ഉദ്ദേശിച്ചതെന്ന സംശയത്തോടെ കോടതിയിലെ വാദത്തിന് ഇടയിലെ കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ ബാലഗോപാല്‍ ബി നായരാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
അഖില കുട്ടിയാണെന്ന പരാമര്‍ശത്തിന് അവള്‍ കുട്ടിയല്ല 25 വയസുള്ള യുവതിയാണെന്ന് കപില്‍ സിബല്‍ മറുപടി കൊടുത്തപ്പോഴാണ് ബ്ലൂ വെയ്ല്‍ ചലഞ്ചിനെ കുറിച്ച് കേട്ടിട്ടുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത്. എങ്ങനെയാണ് കുട്ടികള്‍ കളിയിലേക്ക് വശീകരിക്കപ്പെടുന്നതെന്ന് അറിയുമോ എന്നും ഖെഹാര്‍ ചോദിച്ചു. ആ പെണ്‍കുട്ടിയോട് അതു ചോദിച്ചു കൂടെ എന്താണ് മടിയെന്നും കപില്‍ സിബല്‍ തിരിച്ചടിച്ചു.
അഖില കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് റിട്ട. സുപ്രീംകോടതി ജഡ്ജി ആര്‍.വി രവീന്ദ്രനായിരിക്കും. എന്‍ഐഎ അന്വേഷണത്തെ ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് അന്വേഷണ മേല്‍നോട്ടത്തിനായി റിട്ട. ജഡ്ജിയെ കോടതി നിയോഗിച്ചതും.
അതേസമയം എന്‍ഐഎ അന്വേഷണത്തെ കേരള സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ല. കേസില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പായി അഖിലയുടെ വാദം നേരിട്ട് കേള്‍ക്കാമെന്നും സുപ്രീംകോടതി രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ അഖിലയെ കോടതിയില്‍ വിളിച്ചുവരുത്തേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
Discussion about this post