ഡൽഹി: മുത്തലാഖ് നിരോധിച്ചുള്ള കോടതി വിധിയുടെ പശ്ചാത്തലത്തിൽ, പുതിയ നിയമനിർമാണമില്ലെന്ന് കേന്ദ്രസർക്കാർ. മാത്രമല്ല സുപ്രീം കോടതിയുടെ വിധി കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകും. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൽ ഭൂരിപക്ഷ വിധിയിൽ നിയമനിർമാണം വേണമെന്നു പറയുന്നില്ലെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി.
ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറും ജസ്റ്റിസ് എസ്. അബ്ദുൽ നസീറും മാത്രമാണ് ആറുമാസത്തിനുള്ളിൽ പാർലമെന്റിൽ പുതിയ നിയമനിർമാണം കൊണ്ടുവരണം എന്നു നിർദേശിച്ചത്. സർക്കാർ കണക്കിലെടുക്കേണ്ടതു ഭൂരിപക്ഷവിധിയെ ആണെന്നും മന്ത്രി വിശദീകരിച്ചു.
ഒറ്റയിരുപ്പിലെ മുത്തലാഖാണു സുപ്രീംകോടതി റദ്ദാക്കിയത്. സാധാരണവിധത്തിലുള്ള തലാഖിനെ ഇതു ബാധിക്കുന്നില്ല. മുത്തലാഖ് വഴിയുള്ള മൊഴിചൊല്ലലിന് ഇനി നിയമസാധുതയുമില്ല. കേസിൽ വാദം നടക്കവേ കേന്ദ്രസർക്കാർ കോടതിയിൽ ധരിപ്പിച്ചതു മുത്തലാഖ് നിയമവിരുദ്ധമാണെന്നു കോടതി വിധിച്ചാൽ മുസ്‌ലിം വിവാഹം, വിവാഹമോചനം തുടങ്ങിയവ സംബന്ധിച്ചു പുതിയ ഒരു നിയമനിർമാണം കൊണ്ടുവരുമെന്നാണ്. എന്നാൽ, സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പക്ഷേ, ഒരു പ്രധാന വിഷയത്തിൽ ഭിന്നിച്ചുനിൽപ്പാണ്. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണോ അല്ലയോ എന്ന കാര്യത്തിൽ. ഭരണഘടനാ വിരുദ്ധമെന്നു ജസ്റ്റിസ് നരിമാൻ മാത്രമേ പറഞ്ഞിട്ടുള്ളൂ. വ്യക്തിനിയമത്തിന്റെ പ്രശ്നമാണെന്നാണു മൂന്നു ജസ്റ്റിസ്മാർ പറയുന്നത്. മുസ്‌ലിം വ്യക്തിനിയമത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ എന്നുതന്നെ ഈ വിധിയെ കാണേണ്ടിവരും. മറ്റുമതങ്ങളുടെ വ്യക്തി നിയമത്തിലും ഇതേവിധം ഇടപെടൽ ആവാമെന്നും വരുന്നു.
മുത്തലാഖ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനു സുപ്രീം കോടതിയിൽനിന്ന് അംഗീകാരം ലഭിച്ചിരിക്കുന്നു. ഭാവിയിൽ മുസ്‌ലിംകൾക്കു പുതിയ നിയമനിർമാണം ആവശ്യമായിവന്നാൽ അന്ന് ആലോചിക്കാം എന്നാണു രവിശങ്കർ പ്രസാദ് പറയുന്നത്.
Discussion about this post