കൊച്ചി: പൊലീസ് സംരക്ഷണയില്‍ കഴിയുന്ന അഖിലയുടെ വീട്ടിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത രാഹുല്‍ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തു. നിയമവശം പരിശോധിച്ചശേഷം ഐപിസി 406 പ്രകാരം വിശ്വാസവഞ്ചനയ്ക്കാണ് കേസെടുത്തതെന്ന് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് പറഞ്ഞു. വൈക്കം എസ്‌ഐ എം സാഹിലിനാണ് അന്വേഷണചുമതല.
എന്നാല്‍ അനുവാദമില്ലാതെയാണ് താന്‍ ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന അഖിലയുടെ പിതാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. പരാതിയെ സ്വാഗതം ചെയ്തു. പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത് കുടുംബത്തിലെ രണ്ടുപേരാണ്. താന്‍ ചിത്രീകരിച്ച വീഡിയോ, ഓഡിയോ ക്ലിപ്പുകള്‍ അന്വേഷണ ചുമതലയുളള റിട്ട. ജസ്റ്റിസ് ആര്‍.വി രവീന്ദ്രന് സമര്‍പ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഫോട്ടോയും വീഡിയോയും പകര്‍ത്തിയത് അശോകന്റെ സാന്നിധ്യത്തിലാണ്. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത് സംബന്ധിച്ച് വാര്‍ത്ത വന്നതില്‍ അദ്ദേഹം സംതൃപ്തി അറിയിച്ചിരുന്നു. അഖിലയുടെ അമ്മയുടെ ഒന്നരമിനിറ്റ് കരച്ചില്‍ കേള്‍ക്കാത്തവരാണ് 18 സെക്കന്റ് വീഡിയോയെക്കുറിച്ച് പറയുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
രാഹുല്‍ ഈശ്വറിനെതിരെ അഖിലയുടെ പിതാവ് അശോകനാണ് പരാതി നല്‍കിയത്. അനുവാദമില്ലാതെ വീട്ടില്‍ കയറിയെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. തന്റെ സങ്കടാവസ്ഥ ചൂഷണം ചെയ്ത്, കുടുംബത്തെ രക്ഷിക്കാനെന്ന പേരില്‍ മൂന്നുതവണ വീട്ടിലെത്തി തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മകളുമായി സംസാരിക്കാന്‍ അനുവദിക്കുകയായിരുന്നു. രാഹുല്‍ വീട്ടില്‍ പ്രവേശിച്ചത് കോടതി വിധികളുടെ ലംഘനമാണെന്ന് നേരത്തെ അശോകന്റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു. അഖില മൂന്നുമാസമായി കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വന്തം വീട്ടില്‍ പൊലീസ് കാവലില്‍ കഴിയുകയാണ്. അഖിലക്ക് മൊബൈല്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം ലംഘിച്ചാണ് രാഹുല്‍ ഈശ്വര്‍ അഖിലയുടെ വീട്ടില്‍ കയറിയത്.
വീട്ടിലെത്തി അഖിലയുടെ പിതാവ് അശോകനോടും മാതാവ് പൊന്നമ്മയോടും സംസാരിച്ച രാഹുല്‍ ഈശ്വര്‍ ഇവരോടൊപ്പം നില്‍ക്കുന്ന സെല്‍ഫി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ലവ്ജിഹാദ് ടേപ്‌സ് എന്ന പേരില്‍ രാഹുല്‍ ഈശ്വര്‍ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അഖില അമ്മ പൊന്നമ്മയെ മതം മാറ്റാന്‍ ശ്രമിച്ചതായി രാഹുല്‍ ട്വീറ്റില്‍ ആരോപിക്കുന്നു. രാഹുല്‍ പൊന്നമ്മയുമായി സംസാരിക്കുന്നത് ചിത്രീകരിക്കുന്നതിനിടയില്‍ അഖിലയും ക്യമാറയിലേക്ക് പ്രവേശിക്കുന്നുണ്ട്. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ അഖിലയുടെ അടുത്തായി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തന്നെ ഇങ്ങനെ ഇട്ടാല്‍ എങ്ങിനെയാണെന്ന് അഖില ചോദിക്കുന്നു. താന്‍ നിസ്‌കരിക്കുമ്പോള്‍ അച്ഛനും അമ്മയും എന്തിനാണ് വഴക്ക് പറയുന്നതെന്നും അഖില ചോദിക്കുന്നു. പക്ഷെ അഖില പറയുന്നത് മുഴുമിപ്പിക്കാന്‍ രാഹുല്‍ ഈശ്വര്‍ അനുവദിക്കുന്നില്ല. വിവാഹമാണോ മതംമാറ്റമാണോ വിഷമിപ്പിച്ചതെന്ന് രാഹുല്‍ ഈശ്വര്‍ പൊന്നമ്മയോട് ചോദിക്കുകയും ചെയ്യുന്നുണ്ട്.
Discussion about this post