കൊല്‍ക്കത്ത: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന സുപ്രീം കോടതി വിധിയിലേക്കു നയിച്ച പരാതിക്കാരിക്കു നേരെ സാമൂഹ്യവിലക്ക് എന്ന് ആരോപണം. മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ അഞ്ച് സ്ത്രീകളിലൊരാളായ ഇസ്രത് ജഹാനു നേരെയാണ് സാമൂഹ്യവിലക്കും സ്വഭാവഹത്യയും. നിയന്ത്രണങ്ങളും അപമാനപ്പെടുത്തലും പുതിയ പോരാട്ടത്തിലേക്കു വാതില്‍ തുറക്കുകയാണെന്ന് ഇസ്രത്ത് ജഹാന്‍ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
മുത്തലാഖിനെതിരെ കോടതിയിലെത്തിയത് സൈറാ ബാനു, ഇസ്രത് ജഹാന്‍, ഗുല്‍ഷന്‍ പര്‍വീന്‍, അഫ്രീന്‍ റഹ്മാന്‍, ആതിയ സബ്രി എന്നീ അഞ്ച് സ്ത്രീകളാണ്. ഒടുവില്‍ സുപ്രീംകോടതി വിധി മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു. മുത്തലാഖ് നിരോധിക്കാന്‍ ആവശ്യമെങ്കില്‍ ആറുമാസത്തിനകം നിയമനിര്‍മാണം നടത്തണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സുപ്രീം കോടതി വിധിയോടെ തന്റെ സാധാരണ ജീവിതം തകിടം മറിഞ്ഞെന്ന് ഇസ്രത്ത് ജഹാന്‍ പറയുന്നു. ചിലര്‍ സ്വഭാവം ചീത്തയാണെന്നും മറ്റും അപകീര്‍ത്തിപ്പെടുത്താനാണു ശ്രമിക്കുന്നത്. അയല്‍ക്കാരും ബന്ധുക്കളുമാണ് മോശപ്പെടുത്താന്‍ മുന്‍പില്‍ നില്‍ക്കുന്നത്.
‘ചീത്ത സ്ത്രീ’ എന്ന തരത്തിലുള്ള വിളികള്‍ നേരിട്ടുകേള്‍ക്കേണ്ടി വന്നു. പുരുഷന്‍മാര്‍ക്കും ഇസ്‌ലാമിനും എതിരാണു താനെന്നു പറഞ്ഞുപരത്തുകയാണ്. അയല്‍ക്കാര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. തന്റെ മുഖം മറയ്ക്കാനുള്ളതല്ല. ലോകം മുഴുവന്‍ കാണട്ടെയെന്നും ഇസ്രത് പറഞ്ഞു.
31 കാരിയായ ഇസ്രത്ത് ബംഗാളിലെ ഹൗറ സ്വദേശിയാണ്. സ്ത്രീധനം ഉപയോഗിച്ച് ഭര്‍ത്താവ് 2004-ല്‍ വാങ്ങിയ വീട്ടിലാണ് ഇസ്രത്ത് കഴിയുന്നത്. 2015 ലാണ് ഇസ്രത്ത് ജഹാനെ ഭര്‍ത്താവ് മുര്‍തസ മൊഴി ചൊല്ലിയത്. 15 വര്‍ഷത്തെ ദാമ്പത്യം ദുബായില്‍ നിന്നും മൊബൈലിലൂടെ മൊഴി ചൊല്ലി അവസാനിപ്പിക്കുകയായിരുന്നു.
ഇതിനെതിരെയാണ് ഇസ്രത് കോടതിയെ സമീപിച്ചത്. നാല് കുട്ടികളാണ് ഇവര്‍ക്കുള്ളത്.
അതേസമയം ഭര്‍ത്താവിന്റെ മൂത്ത സഹോദരനും കുടുംബവും ഇവരുടെ വീട്ടില്‍ത്തന്നെയാണു താമസം.
Discussion about this post