ഡല്‍ഹി: ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനായി വിധിച്ച ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം സിങ്ങിന്റെ അനുയായികളുടെ കലാപം മണിക്കൂറുകള്‍ക്കുള്ളില്‍ അടിച്ചമര്‍ത്തി സൈന്യവും ഹരിയാന സര്‍ക്കാരും. വെള്ളിയാഴ്ച രാത്രിക്ക് ശേഷം സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടില്ല. പോലീസും സൈന്യവും നടത്തിയ വെടിവെയ്പ്പില്‍ 32 അക്രമികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം അക്രമികളാണെന്നും സാധാരണക്കാര്‍ക്ക് അപായം സംഭവിച്ചിട്ടില്ലെന്നും സുരക്ഷിതരാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
സൈന്യവും പോലീസും ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെയാണ് പതിനായിരക്കണക്കിന് അക്രമികള്‍ പിന്‍വാങ്ങിയത്. സിബിഐ കോടതി സ്ഥിതിചെയ്യുന്ന പഞ്ച്കുലയിലും ദേര സച്ചയുടെ ആസ്ഥാനമുള്ള സിര്‍സയിലുമാണ് അക്രമികള്‍ സുരക്ഷാ സേനകളുമായി ഏറ്റുമുട്ടി മരിച്ചത്. ഇവിടമുള്‍പ്പെടെ സംസ്ഥാനത്ത് എല്ലായിടത്തും സ്ഥിതി സാധാരണ നിലയിലായി. പലയിടങ്ങളിലും കര്‍ഫ്യൂ പിന്‍വലിച്ചു. ജനങ്ങള്‍ പതിവുപോലെ പുറത്തിറങ്ങി. സൈന്യം ഫ്ളാഗ് മാര്‍ച്ച് നടത്തി. അതിനിടെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറെ പ്രധാനമന്ത്രി ദല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
അതേസമയം ഗുര്‍മീതിന് നാളെ ശിക്ഷ വിധിക്കുമെന്നതിനാല്‍ സുരക്ഷാ നടപടികള്‍ തുടരുന്നുണ്ട്. രണ്ട് കമ്പനി സൈനികരെയും പത്ത് കമ്പനി അര്‍ധസൈനികരെയും അധികമായി നിയമിച്ചു. കോടതി പരിസരത്ത് സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കി. വിധി പറയുന്ന ജഡ്ജി ജഗ്ദീപ് സിങ്ങിന് പ്രത്യേക സുരക്ഷ നല്‍കും. 15 അനുയായികളെ ഇന്നലെ കസ്റ്റഡിയിലെടുത്തു. ലക്ഷക്കണക്കിന് അനുയായികളുള്ള പ്രബല വിഭാഗം കലാപവുമായി തെരുവിലിറങ്ങിയപ്പോള്‍ പത്തു മണിക്കൂറിനുള്ളില്‍ അടിച്ചമര്‍ത്താന്‍ സാധിച്ചത് വലിയ നേട്ടമായാണ് സുരക്ഷാ സേനകള്‍ കാണുന്നത്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് ഉന്നതതല യോഗത്തിന് ശേഷം പറഞ്ഞു. ഗുര്‍മീത് രാം റഹീം സിങിന് യുപിഎ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ചിട്ടുണ്ട്. റോഹ്ത്തക് ജയിലിലുള്ള ഗുര്‍മീത് സിങ്ങിന് വിഐപി പരിഗണന നല്‍കുന്നുണ്ടെന്ന വാദം ജയില്‍ ഡിജിപി തള്ളി. പ്രത്യേക പരിഗണന നല്‍കുന്നില്ലെന്നും സാധാരണ തടവുകാരെപ്പോലെ തറയിലാണ് ഗുര്‍മീത് കിടക്കുന്നതെന്നും രാജ്നാഥ് സിങ്ങ് വ്യക്തമാക്കി.
അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ദേര സച്ചയ്ക്കെതിരെ കര്‍ശന നടപടികളും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. സംഘടനയുടെ മുഴുവന്‍ കേന്ദ്രങ്ങളിലും പരിശോധന നടത്താന്‍ ഉത്തരവിട്ടു. കുരുക്ഷേത്ര ജില്ലയില്‍ ഒന്‍പത് സ്ഥാപനങ്ങള്‍ പൂട്ടി. ഇവിടെ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. ഗുര്‍മീത് സിങ്ങിന്റെയും സംഘടനയുടെയും സ്വത്തുക്കള്‍ ഏറ്റെടുക്കാനും നീക്കം തുടങ്ങി. അക്രമങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ദേര സച്ചയില്‍നിന്ന് ഈടാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. സിര്‍സയിലെ ആസ്ഥാനത്ത്നിന്ന് ഒഴിഞ്ഞുപോകാനുള്ള നിര്‍ദ്ദേശം അവഗണിച്ച് ആയിരക്കണക്കിന് അനുയായികള്‍ തുടരുന്നുണ്ട്. സ്ത്രീകളും കുട്ടികളും ഉള്ളതിനാല്‍ നടപടിക്ക് സൈന്യം തയ്യാറായിട്ടില്ല. ക്രമസമാധാനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് സൈന്യം വ്യക്തമാക്കി. നാല് കോടിയിലേറെ അനുയായികളുള്ള ഗുര്‍മീത് സിംഗ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന പ്രത്യേക സിബിഐ കോടതിയുടെ വിധിക്ക് പിന്നാലെയാണ് കലാപം ആരംഭിച്ചത്. നിരവധി സര്‍ക്കാര്‍ ഓഫീസുകളും വാഹനങ്ങളും തകര്‍ത്തു. ദല്‍ഹി, രാജസ്ഥാന്‍, യുപി, പഞ്ചാബ് എന്നിവിടങ്ങളിലേക്കും കലാപം വ്യാപിക്കുകയായിരുന്നു.
Discussion about this post