കോഴിക്കോട്: നിലമ്പൂരിലെ സിപിഎം എംഎല്‍എ പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്ക്കിന് വീണ്ടും ഇളവുകള്‍ നല്കി പഞ്ചായത്ത്. ഓണാവധിക്കു പാര്‍ക്കു തുറന്നു പ്രവര്‍ത്തിക്കാന്‍ പഞ്ചായത്തു സഹായം നല്കാന് തീരുമാനിച്ചു. ഇതിനായി പാര്‍ക്കിന്റെ അനുമതി റദ്ദാക്കിക്കൊണ്ടുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് പഞ്ചായത്ത് തീരുമാനമെടുത്തു. അനുമതി റദ്ദാക്കിയതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരിട്ട് അറിയിച്ചതിനുശേഷം മാത്രമാകും ഉത്തരവ് പരിഗണിക്കുക. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി റദ്ദാക്കിയ ഉത്തരവ് പരാതിക്കാരന് നേരിട്ട് പഞ്ചായത്തില്‍ നല്‍കിയിരുന്നു. ഇതു മറച്ചുവച്ചാണ് പഞ്ചായത്തിന്റെ കള്ളക്കളി.
പാര്‍ക്കിനെതിരായ പരാതിയില്‍ ഉപസമിതി 31ന് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഈ റിപ്പോര്‍ട്ട് ഓണാവധിക്കുശേഷം മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ജിയോളജി വകുപ്പിന്റെ അറിവില്ലാതെ കുന്നുകള്‍ ഇടിച്ചു നിരത്തിയായിരുന്നു പാര്‍ക്ക് നിര്‍മിച്ചത്. മാലിന്യ നിര്‍മാര്‍ജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്നാണു വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിന്‍വലിച്ചത്. ഇത് നിലനില്‍ക്കെയാണു പഞ്ചായത്തിന്റെ നീക്കം.
മൂന്നു മാസം മുമ്പാണ് പാര്ക്കിന് ബോര്‍ഡ് അനുമതി നല്‍കിയത്. എന്നാല്‍ വ്യവസ്ഥകളോടെയാണ് പാര്‍ക്കിനു അനുമതി നല്കിയിരുന്നതെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. മൂന്നു മാസത്തിനുള്ളില്‍ മാലിന്യസംസ്കരണത്തിനുള്ള സൗകര്യം ഒരുക്കണമെന്നായിരുന്നു വ്യവസ്ഥ. ഇത് ലംഘിച്ചതിനെ തുടര്‍ന്നാണ് പാര്‍ക്കിനെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post