കോട്ടയം: സംസ്ഥാനത്തെ സപ്ലൈകോ ഗോഡൗണുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്. ഓണത്തിന് വിതരണത്തിനെത്തിച്ച 5100 ടണ്‍ ജയ അരി പൂഴ്ത്തി വയ്ക്കുന്നവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലീഗല്‍ മെട്രോളജി, റവന്യു സംഘങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന നടത്തിയത്. ഓണം വരെ നടപടികള്‍ കര്‍ശനമാക്കാനാണ് വിജിലന്‍സ് തീരുമാനം.
ഓണത്തിന് സംസ്ഥാനത്തെ പൊതുവിതരണ സംവിധാനങ്ങളിലൂടെ വിതരണം ചെയ്യാനാണ് 5100 ടണ്‍ ജയ അരി സപ്ലൈക്കോ ആന്ധ്രയില്‍ നിന്നും എത്തിച്ചത്. ഇത് എറണാകുളത്തെ സപ്ലൈകോയുടെ പ്രധാന ഗോഡൗണില്‍ നിന്നും വിവിധ ഡിപ്പോകളിലേക്ക് എത്തിക്കുന്ന നടപടികള്‍ തുടരുന്നതിനിടെയാണ് വിജിലന്‍സ് ഗോഡൗണുകളില്‍ റെയ്ഡ് നടത്തിയത്. മുഴുവന്‍ ഗോഡൗണുകളിലും ഒരേ സമയമായിരുന്നു റെയ്ഡ്.
അരി പൂഴ്ത്തി വയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഗുണനിലവാരം കുറഞ്ഞ അരി ലോഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആന്ധ്രയില്‍ നിന്നും കിലോയ്ക്ക് 34 രൂപ 40 പൈസ നിരക്കിലാണ് അരി വാങ്ങിയത്. ഇതിനു പുറമെ വാഹനവാടകയടക്കമുള്ള ചിലവുകളും സര്‍ക്കാരാണ് വഹിക്കുന്നത്. ഇത് കിലോയ്ക്ക് 25 രൂപ നിരക്കില്‍ സബ്സിഡിയായാണ് വിതരണം ചെയ്യുന്നത്.
ഈ അരി ഗോഡൗണുകളില്‍ നിന്നും കടത്തി കുറഞ്ഞ അരി വിതരണം ചെയ്യുന്നുവെന്ന പരാതി വ്യാപകമാണ്. ഈ സാഹചര്യത്തില്‍ ക്വാളിറ്റി കണ്ട്രോളര് അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ ക്രമക്കേടുകളൊന്നുമില്ലെന്നാണ് സൂചന.
Discussion about this post