റോഹ്തക്: ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിങിന്റെ ശിക്ഷാ വിധി പ്രസ്താവിച്ചു. 20 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.രണ്ട് കേസുകളിലായി 10 വര്‍ഷം വീതമാണു തടവുശിക്ഷ വിധിച്ചത്.
കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ ഉച്ചക്ക് 2.30 ആണ് വിധി പ്രസ്താവം നടത്തിയത്. രണ്ട് അനുയായികളെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. മൂന്ന് മണിയോട് കൂടി വാദം പൂര്‍ത്തിയായി ശിക്ഷ പ്രഖ്യാപിച്ചു.
റോഹ്തക്കിലെ പ്രത്യേക ജയിലിലാണ് ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലെ വായനാമുറി താല്കാലിക കോടതി ആക്കിയാണ് ശിക്ഷ വിധിച്ചത്.ഗുര്മീതടക്കം ഒമ്പത് പേരാണ് കോടതിമുറിയില്‍ ഉണ്ടായിരുന്നത്.
അതേസമയം കോടതിയില്‍ ഗുര്‍മീത് റാം റഹീം സിങ്ങ് പൊട്ടിക്കരഞ്ഞ് മാപ്പ് ചോദിച്ചു. ഇപ്പോഴത്തെ ഗുര്‍മീതിന്റെ പ്രായം ചൂണ്ടിക്കാട്ടിയും സാമൂഹ്യ പ്രവര്‍ത്തകനാണെന്ന് ചിത്രീകരിച്ചും പ്രതിഭാഗം അഭിഭാഷകര്‍ ശിക്ഷാ ഇളവിനായി വാദിച്ചു. എന്നാല്‍ ജീവപര്യന്തം നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. മാപ്പര്‍ഹിക്കാത്ത തെറ്റാണ് ഗുര്‍മീത് ചെയ്തതെന്നും സിബിഐ വാദിച്ചു.
അതേസമയം അക്രമം നടത്തുന്നവര്‍ക്കു നേരെ വെടിവെപ്പ് ഉള്‍പ്പെടെ കര്‍ശന നടപടികളുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സിര്‍സയില്‍ ദേര അനുകൂലികള്‍ വിധി വരുന്നതിന് തൊട്ട് മുമ്പ് രണ്ട് വാഹനങ്ങള്‍ തീയിട്ടു. രണ്ട് കാറുകളാണ് കത്തിച്ചത്.
Discussion about this post