ഡൽഹി: ജീവനു ഭീഷണി ഉണ്ടായിരുന്ന മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ വീഴ്ച വരുത്തിയെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ വധത്തെ ഒട്ടേറെ ബിജെപി നേതാക്കൾ അപലപിച്ചിട്ടുണ്ടെങ്കിലും, കൊലപാതകത്തോട് ബിജെപി നേതാക്കൾ മുഖം തിരിച്ചുനിൽക്കുന്നുവെന്ന തരത്തിലാണ് പ്രചാരണങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗൗരിക്കു നീതി തേടി രംഗത്തുവന്നിട്ടുള്ള ബുദ്ധിജീവികളും സാമൂഹ്യപ്രവർത്തകരും കേരളത്തിലും കർണാടകയിലും ഒട്ടേറെ ആർഎസ്എസ്സുകാർ കൊല്ലപ്പെട്ട സമയത്ത് എവിടെയായിരുന്നുവെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു. കപടതയും ഇരട്ടത്താപ്പുമാണ് ഇത്തരക്കാരുടെ മുഖമുദ്രയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നവലിബറൽ ആശയങ്ങളെക്കുറിച്ച് നമ്മെ ബോധവൽക്കരിക്കുന്നവരാണ് ഇവരെല്ലാം. കേരളത്തിലും കർണാടകയിലും ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ വായും പൂട്ടിയിരുന്ന ഇവരെല്ലാം ഈ മാധ്യമപ്രവർത്തകയ്ക്കായി മുറവിളി കൂട്ടുന്നു. കേരളത്തിലെ ആർഎസ്എസ് സ്വയംസേവകർക്ക് സ്വന്തമായി ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കാനുള്ള അവകാശമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ ശ്രമിച്ചിരുന്ന വ്യക്തിയെന്ന നിലയിൽ, അവർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ വീഴ്ച വരുത്തിയെന്നും പ്രസാദ് ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയാണോ ഗൗരി ലങ്കേഷ് മാവോയിസ്റ്റുകൾക്കായി പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനുമതിയോടെയാണെങ്കിൽ എന്തുകൊണ്ട് അവർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കിയില്ല? അദ്ദേഹം ചോദ്യം ഉന്നയിച്ചു.
കേസിൽ അന്വേഷണം ആരംഭിക്കുന്നതു മുൻപേ കൊലയ്ക്കു പിന്നിൽ ആർഎസ്എസ്സും ബിജെപിയുമാണെന്ന്കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കണ്ടെത്തലെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ പഠനം കൂടാതെ ഓരോന്നു വിളിച്ചുപറയുന്ന കോൺഗ്രസിന്റെ ഈ മഹാനായ നേതാവ്, അന്വേഷണം ആരംഭിക്കും മുൻപേ ആര്‍എസ്എസ്സിനു നേരെ വിരൽ ചൂണ്ടിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കർണാടകയിൽ അന്വേഷണം എങ്ങോട്ടാണ് പോകുന്നതെന്ന് ഇതിൽനിന്നും ഊഹിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post