തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ നീക്കം. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ ചോദ്യം ചെയ്തു. സീനിയര്‍ റസിഡന്റിനെയും ഡ്യൂട്ടി ഡോക്ടറെയുമാണു ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടു.
മുരുകന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്കു വീഴ്ചയുണ്ടായെന്ന ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ആയുധമാക്കി പോലീസിന്റെ നീക്കം. അറസ്റ്റിനു നീക്കം നടക്കുന്നതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഡോക്ടര്‍മാര്‍ കോടതിയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ഓഗസ്റ്റ് ആറാം തീയതി ദേശീയപാതയിലെ ഇത്തിക്കരയില്‍ രാത്രി പതിനൊന്നിനുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി മുരുകനാണ്(46) ചികിത്സ കിട്ടാതെ മരിച്ചത്. ഏറെനേരം റോഡില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന മുരുകനെ നാട്ടുകാരാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചത്.
എന്നാല്‍ കൂടെ ആരുമില്ലാത്ത കൊണ്ട് മെഡിസിറ്റി ചികിത്സ നിഷേധിച്ചു. തുടര്‍ന്ന് ഏഴു മണിക്കൂറോളമാണ് വിവിധ ആശുപത്രികളിലൂടെ മുരുകന്‍ ആംബുലന്‍സില്‍ ചികിത്സ തേടി നടന്നത്. പിന്നീട് ആംബുലന്‍സില്‍തന്നെ മരിച്ചു.
സംഭവത്തില്‍ മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് ചോദിച്ചിരുന്നു. ആശുപത്രികളില്‍ മുരുകന് ചികിത്സ ലഭിക്കാതെ പോയത് ക്രൂരമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മാണമോ നിയമ ഭേദഗതിയോ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Discussion about this post