ഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന പി.വി നരസിംഹ റാവുവിന് സ്മാരകം പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഏകതാ സ്ഥല് സമിതി കോംപ്ലക്സില്‍ റാവു സ്മാരക ഘട്ട് പണിയാനാണ് ആലോചന.
റാവുവിന്റെ സ്മാരകം എന്‍ഡിഎ സര്‍ക്കാറിന്റെ കാലത്ത് പണിയുകയെന്ന ആശയം മുന്നോട്ട് വെച്ചത് ഇപ്പോള്‍ എന്‍ഡിഎയിലുള്ള തെലുങ്കു ദേശം പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് അദ്ദേഹത്തിന് അര്‍ഹിച്ച പരിഗണന നല്‍കിയിരുന്നില്ലെന്ന് ടിഡിപി പലപ്പോഴും വിമര്‍ശമുന്നയിച്ചിരുന്നു. റാവുവിന് അര്‍ഹമായ ആദരവ് നല്‍കണമെന്നും സ്മാരകം പണിയണമെന്നും ആവശ്യപ്പെട്ട് ടിഡിപി കഴിഞ്ഞ ഒക്ടോബറില്‍ പ്രമേയം പാസ്സാക്കിയിരുന്നു. റാവുവിന്റെ മാര്‍ബിള്‍ ശില്‍പ്പവും പണികഴിപ്പിക്കും.
കോണ്‍ഗ്രസ് വിശ്വസ്തനും മുന്‍ രാഷ്ട്രപതിയുമായ ഗ്യാനി സെയില്‍ സിംഗിന്റെ പ്രതിമയും ഏകത സ്ഥലില്‍ ഉണ്ട്. അദ്ദേഹവും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഏകതാ സ്ഥലില്‍ പ്രത്യേകം പ്രതിമകള്‍ വേണ്ടെന്ന് 2013 മെയില്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പകരം രാഷ്ട്രീയ സ്മൃതി എന്ന പേരില്‍ ഒറ്റ സ്തൂപം നിര്‍മിക്കുകയായിരുന്നു. സ്ഥല പരിമിതി ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
Discussion about this post