വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ നിഴലില്‍ സിറിയയില്‍ അല്‍ഖ്വായിദ ഭീകരര്‍ വീണ്ടും വേരുറപ്പിക്കുന്നതായി അമേരിക്ക. 2001 സെപ്റ്റംബറില്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് യു.എസില്‍ ഭീകരാക്രമണം നടത്തി 16 വര്‍ഷത്തിനുശേഷം സംഘടന മറ്റൊരുപേരില്‍ വീണ്ടും തലപൊക്കുകയാണെന്ന് യു.എസ്.അന്വേഷകരാണ് വെളിപ്പെടുത്തിയത്.
ആഗസ്തില്‍ വടക്കന്‍ സിറിയന്‍ നഗരമായ ഇദ്‌ലിബിന്റെ നിയന്ത്രണം പിടിച്ച ഹയാത് താഹിര്‍ അല്‍ഷാം(എച്ച്.ടി.എസ്.) അല്‍ഖ്വായിദയുടെ പുതിയ രൂപമാണെന്നും ഐ.എസിനെക്കാള്‍ വേഗത്തില്‍ ശക്തി പ്രാപിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആഗോളതലത്തില്‍ ഐ.എസ്. ഭീകരരാണ് ഭീഷണിയെങ്കില്‍ സിറിയയില്‍ കൂടുതല്‍ ഭയക്കേണ്ടത് അല്‍ ഖായിദയെയാണ്. പുതിയ പേരില്‍ വളരെ വേഗത്തിലാണ് അവര്‍ വീണ്ടും വേരുറപ്പിക്കുന്നത്. 2010-നെ അപേക്ഷിച്ച് അല്‍ഖായിദ കൂടുതല്‍ ശക്തിനേടിക്കഴിഞ്ഞു. വൈറ്റ്ഹൗസിലെ ഭീകരവാദവിരുദ്ധവിഭാഗം മുന്‍ ഡയറക്ടര്‍ ജോഷ്വ ഗെല്‍ട്‌സര്‍ പറഞ്ഞു.
സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഴ്ചയാണ് ഹയാത് താഹിര്‍ അല്‍ഷാം മുതലെടുക്കുന്നത്. രൂപം മാറിയ അല്‍ഖായിദയാണ് ഹയാത് താഹിര്‍ അല്‍ഷാം. ഇദ്‌ലിബിന്റെ നിയന്ത്രണം പിടിച്ചെടുത്ത അവര്‍ എതിരാളികളെ നശിപ്പിച്ചും തങ്ങളുടെ നിയന്ത്രണത്തിലാക്കിയുമാണ് മുന്നേറുന്നത്. ഐ.എസിന്റെ അതേ രീതിയില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് അവരുടെയും വളര്‍ച്ച അമേരിക്കയിലെ ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ് സീനിയര്‍ ഫെലോ ദാവീദ് ഗാര്‍ട്ടന്‍സ്റ്റെന്‍ റോസും പറയുന്നു.
Discussion about this post