ഡല്‍ഹി: തീവ്രവാദത്തിന്റെ വേരറുക്കുന്നതിന് എല്ലാ രാജ്യങ്ങളും കൈകോര്‍ക്കണമെന്ന് ഇന്ത്യാ ജപ്പാന്‍ സംയുക്ത പ്രസ്താവന. പാക് ഭീകര സംഘടനകളുടെ പേരെടുത്ത് പറഞ്ഞാണ് പ്രസ്താവന. ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തോയിബ, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകളുടെ പേരാണ് പരാമര്‍ശിച്ചിരിക്കുന്നത്. ദ്വിദിന സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയില്‍ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് സംയുക്ത പ്രസ്താവന.
തീവ്രവാദത്തോടും അതിന് പിന്തുണ നല്‍കുന്നവരോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണമെന്ന് സംയുക്ത പ്രസ്താവന കൂട്ടിച്ചേര്‍ത്തു. ഏത് രൂപത്തിലായാലും തീവ്രവാദം ആഗോള വിപത്താണ്. തീവ്രവാദ സംഘടനകള്‍ക്കെതിരായ ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങള്‍ നടപ്പിലാക്കണമെന്ന് എല്ലാ യുഎന്‍ അംഗരാജ്യങ്ങളോടും ആവശ്യപ്പെടുന്നതായും പ്രസ്താവനയില്‍ പറയുന്നു. ജപ്പാനുമായുള്ള സംയുക്ത പ്രസ്താവനയില്‍ പാക് ഭീകര സംഘടനകളുടെ പേര് ഉള്‍പ്പെടുത്താന്‍ സാധിച്ചത് ഇന്ത്യയുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തെ ബ്രിക്‌സ് ഉച്ചകോടിയിലും പാക് ഭീകര സംഘടനകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് ആദ്യമായാണ് ബ്രിക്‌സില്‍ പാക് ഭീകര സംഘടനകള്‍ക്കെതിരെ പരാമര്‍ശം ഉണ്ടാകുന്നത്. പാക് ഭീകരസംഘനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ എതിര്‍ത്ത ചൈന കൂടി ഉള്‍പ്പെട്ട ബ്രിക്‌സില്‍ നിന്നും പാക് ഭീകര സംഘടനകള്‍ക്കെതിരായ പ്രസ്താവന വന്നതും ശ്രദ്ധേയമാണ്.
Discussion about this post