തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ അധീനത്തിലുള്ള കായല്‍ നിലം കയ്യേറിയെന്ന് ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ 2008- ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്ട് അനുസരിച്ച് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് കത്ത് നല്‍കി.
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് വേണ്ടി പാര്‍ക്കിങ് സ്ഥലം നിര്‍മ്മിച്ചത് കായല്‍ നികത്തിയാണെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
2013 മുതലുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കയ്യേറ്റം സ്ഥിരീകരിച്ചതായും കയ്യേറ്റം കാരണം കായല്‍ പ്രദേശത്തിന്റെ ഘടന തന്നെ മാറിപ്പോയതായും കലക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായാണ് മനസ്സിലാക്കുന്നത്. അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനം നഗ്‌നമായ നിയമലംഘനം നടത്തി സര്‍ക്കാര്‍ ഭൂമി കയ്യേറിയത് ന്യായീകരിക്കാനാവില്ല. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 23ാം വകുപ്പനുസരിച്ച് മന്ത്രി ശിക്ഷാര്‍ഹമായ കുറ്റം ചെയ്തതായി പ്രഥമ ദൃഷ്ട്യാ തെളിഞ്ഞിരിക്കുകയാണ്.
അധികാരത്തിലിരിക്കുന്ന ഒരു മന്ത്രി തന്നെ നിയമലംഘനം നടത്തിയത് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെയും അധികാരികളുടെ കൈവശമുള്ള രേഖകളുടെയും അടിസ്ഥാനത്തില്‍ വ്യക്തമായി തെളിഞ്ഞിട്ടും പ്രോസിക്യൂഷന്‍ വൈകുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയായേ കാണാനാവൂ. അതിനാല്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം 12(1) അനുശാസിക്കും വിധം ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതലപ്പെടുത്തി ഉത്തരവ് നല്‍കണമെന്നാണ് പ്രതിപക്ഷ നേതാവ് റവന്യൂ മന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post