ഡല്‍ഹി: പാക് അധീന കശ്മീരില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ നടത്തിയ മിന്നലാക്രമണം പാകിസ്ഥാനുള്ള സന്ദേശമായിരുന്നെന്ന് ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്. പാക് പ്രകോപനം തുടര്‍ന്നാല്‍ ഇനിയും മിന്നല്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. മിന്നല്‍ ആക്രമണം വഴി ഇന്ത്യ ലക്ഷ്യമാക്കിയതെന്താണെന്ന് പാകിസ്ഥാന് തിരിച്ചറിഞ്ഞ് കാണുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മ്യാന്മാറിലെയും പാക് അതിര്‍ത്തി മേഖലയിലെയും മിന്നാലാക്രമണത്തില്‍ പങ്കെടുത്തവരുടെ കഥ പറയുന്ന മോസ്റ്റ് ഫിയര്‍ലെസ് എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് ബിപിന്‍ റാവത്ത് ഇക്കാര്യം അറിയിച്ചത്. മുന്‍ സൈനിക മേധാവ് ദല്‍ബീര്‍ സിങും ചടങ്ങില്‍ സംബന്ധിച്ചു.
ഇന്ത്യ നടത്തിയ ആക്രമണം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് സൈനിക മേധാവിയുടെ പ്രതികരണം. പാക് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുന്നത് ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍, ഇവരെ എങ്ങനെ സ്വീകരിക്കണമെന്നും എങ്ങോട്ട് അയയ്ക്കണമെന്നും ഇന്ത്യന്‍ സൈന്യത്തിനറിയാമെന്നും ബിബിന്‍ റാവത്ത് പറഞ്ഞു. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സ്വീകരിക്കാന്‍ കരുത്തുള്ള രാജ്യമാണ് ഇന്ത്യ. ഏത് പ്രതിസന്ധിയെയും നേരിടാനുള്ള കരുത്ത് ഇന്ത്യന്‍ സൈന്യത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മ്യാന്മാര് അതിര്‍ത്തിയിലെ മിന്നലാക്രമണത്തിനു ശേഷമാണ് പാക് അതിര്‍ത്തിയില്‍ ഇന്ത്യ ആക്രമണം നടത്തിയത്. മ്യാന്മാര് അതിര്‍ത്തിയിലെ ആക്രണത്തിന് ശേഷം പാകിസ്ഥാനുമായി മിന്നാലാക്രമണത്തിന് ഒരുങ്ങാന്‍ താന്‍ സൈന്യത്തോട് ആഹ്വാനം ചെയ്തിരുന്നതായി മുന്‍ സൈനിക മേധാവി ദല്‍ബീര്‍ സിങ് പറഞ്ഞു. പ്രതിരോധത്തിനുള്ള ആക്രമണമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തിയിലെ മിന്നാലാക്രമണം സൈന്യത്തിന്റെ മനോധൈര്യം ഉയര്‍ത്തിയെന്നും വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രശസ്തിയാര്ജിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28.29 ദിവസങ്ങളിലാണ് പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത്.
ജമ്മു-കശ്മീരിലെ ഉറിയിലെ സൈനിക ക്യാമ്പിലേക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്.
Discussion about this post