ബോസ്റ്റൺ: സമൂഹമാദ്ധ്യമങ്ങൾ ആഘോഷമാക്കിയ സ്‌പൈസി ചിപ്പ് ചലഞ്ചിൽ പങ്കെടുത്ത 14കാരന് ദാരുണാന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം. അമേരിക്കയിലാണ് സംഭവം. ബാലന്റെ മരണം അമിത എരിവ് ഉള്ളിൽചെന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മാസച്യുസെറ്റ്‌സിലെ വുസ്റ്റർ നഗരവാസിയായ പത്താം ക്ലാസുകാരൻ ഹാരിസ് വൊലോബയെ 2023 സെപ്റ്റംബർ ഒന്നിനാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.എന്നാൽ, ഇയാളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മുളകിലടങ്ങിയ ‘ക്യാപ്സൈസിൻ’ കൂടുതലായി ശരീരത്തിലെത്തിയതിനെ തുടർന്നാണ് ഹൃദയാഘാതം ഉണ്ടായതെന്നും ഇതാണ് മരണകാരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.
വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഈ വിവരം പുറത്തുവിട്ടത്. ഹാരിസിന് ഹൃദയം വലുതാകുന്ന കാർഡിയോമെഗാലി എന്ന രോഗാവസ്ഥയും ഉണ്ടായിരുന്നു. ഇതും മരണത്തിന് കാരണമായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.ഹാരിസ് വോലോബയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി സ്പൈസി ചിപ്പ് നിർമാതാക്കളായ പാക്വി അറിയിച്ചു.
പത്താംക്ലാസുകാരന്റെ മരണത്തിന് പിന്നാലെ കമ്പനി ചിപ്പ്‌സ് പിൻവലിക്കുകയും ചെയ്തു. 10 ഡോളറാണ് ഒരു പാക്കറ്റിന്റെ വില. ശവപ്പെട്ടിയുടെ ആകൃതിയിലുള്ള ബോക്സിലാണ് ഇത് പാക് ചെയ്ത് വിപണിയിലെത്തുന്നത്. കുട്ടികൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുണ്ടായിട്ടും ചിപ്പ് ചലഞ്ചിൽ നിരവധി കൗമാരക്കാർ പങ്കെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
Discussion about this post