ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തങ്കത്തില്‍ പൊതിഞ്ഞ ഏഴരപ്പൊന്നാനയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ചൂണ്ടിക്കാട്ടി പുതുക്കിപ്പണിയുന്നതിന് ഹൈക്കോടതിയുടെ അനുമതിതേടി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അഡ്വക്കേറ്റ് കമ്മീഷണര്‍ എ.എസ്.പി കുറുപ്പ് കോടതിക്ക് സമര്‍പ്പിച്ചു.
കാലപ്പഴക്കംമൂലം ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്ക്ക്്്ന്യൂനതകള് സംഭവിച്ചിട്ടുണ്ടോ എന്നറിയുന്നതിന് ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള വിദഗ്ധസമിതി ഒക്ടോബര്‍ രണ്ടിന് പരിശോധന നടത്തും. ദേവസ്വം ഓംബുഡ്സ്മാന് പി.ആര്.രാമന്, ദേവസ്വം കമ്മിഷണര്‍ രാമരാജപ്രേമപ്രസാദ്, അഡ്വക്കേറ്റ്്് കമ്മിഷണര്‍ എ.എസ്.പി.കുറുപ്പ്്്, തിരുവാഭരണം കമ്മിഷണര്‍ കെ.എ.ശ്രീലത, ദേവസ്വം വിജിലന്‍സ് എസ്.പി., ശില്‍പ്പി പരുമല അനന്തന് ആചാരി എന്നിവരടങ്ങുന്നതാണ് സമിതി. ക്ഷേത്രത്തില്‍ എഴുന്നള്ളിക്കുന്ന വലിയതിടമ്പ്, സ്വര്‍ണത്താമര, ശ്രീബലിവിഗ്രഹം എന്നിവയ്ക്കും കാലപ്പഴക്കംമൂലം കേടുപാടുകളുണ്ടോയെന്ന് പരിശോധിക്കും. പരിശോധനാ റിപ്പോര്‍ട്ട്്് ഹൈക്കോടതിയുടെ പരിഗണനയ്ക്കുവരുമ്പോള്‍ ദേവസ്വംബോര്ഡിന്റെകൂടി അഭിപ്രായം കേള്‍ക്കും.
ഏഴരപ്പൊന്നാനയുടെ രൂപത്തില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന്്് അഡ്വക്കേറ്റ്്് കമ്മിഷണര്‍ എ.എസ്.പി.കുറുപ്പ്്് പറഞ്ഞു. ഏഴരപ്പൊന്നാനയെ എഴുന്നള്ളത്തിനായി എടുക്കുമ്പോള്‍ സ്വര്‍ണ്ണപ്പാളികള്‍ അടര്ന്നുപോകാനിടയുണ്ടെന്നും, ഈ സാഹചര്യത്തില്‍ അടുത്ത ഉത്സവത്തിന് മുമ്പായി പുതുക്കിപ്പണിയുന്നതിന് അടിയന്തര പ്രാധാന്യത്തോടെ അനുമതി നല്‍കണമെന്നുമാണ് ആഗസ്റ്റ് 9ന് നല്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് ഏഴരപ്പൊന്നാനയുടെ ചില ഭാഗങ്ങള്‍ ഇളകിത്തുടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കണ്ഠരര് രാജീവര് നല്കിയ കത്തിന്റെ പകര്‍പ്പും റിപ്പോര്‍ട്ടിനൊപ്പം നല്കിയിട്ടിട്ടുണ്ട്.
എന്നാല്‍ വര്‍ഷത്തില്‍ ഒരുതവണ മാത്രം പുറത്തെടുത്ത് കര്‍ക്കശ സുരക്ഷിതത്വത്തോടെ എഴുന്നള്ളിക്കുന്ന ഏഴരപ്പൊന്നാനയ്ക്ക് അഡ്വക്കേറ്റ് കമ്മീഷണര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെയുള്ള കേടുപാടുകളൊന്നും നിലവിലില്ലെന്ന അഭിപ്രായമാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ക്കിടയിലുള്ളത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ മൂല്യശേഖരങ്ങളുടെ സംരക്ഷണ ചുമതലയുള്ള തിരുവാഭരണം കമ്മീഷണറാണ് ഇങ്ങനെയുള്ള കാര്യങ്ങളില്‍ റിപ്പോര്‍ട്ട് തയാറാക്കേണ്ടതെന്നാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ പറയുന്നത്. കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദവിവരങ്ങള്‍ ആരാഞ്ഞ് ബോര്‍ഡ് സെക്രട്ടറിയുടെ കത്ത് വരുമ്പോഴാണ് ഏഴരപ്പൊന്നാനയ്ക്ക് കേടുപാടുകളുണ്ടെന്ന കാര്യം ദേവസ്വം ഉദ്യോഗസ്ഥരും അറിയുന്നത്.
മൂല്യശേഖരത്തിലെ വസ്തുക്കള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള നാശമുണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം ബോര്‍ഡ് ഭരണനേതൃത്വത്തെ അറിയിച്ച് നടപടികള്‍ നിര്‍ദ്ദേശിക്കേണ്ടത് തിരുവാഭരണം കമ്മീഷണറാണ്. ഈ തസ്തികയില്‍ ഗസറ്റഡ് ഉദ്യോഗസ്ഥന് നിലവിലുണ്ട്. അദ്ദേഹം ഏഴരപ്പൊന്നാന സംബന്ധിച്ച് പ്രത്യേക റിപ്പോര്‍ട്ടുകളൊന്നും തയാറാക്കിയിട്ടുമില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന മേജര്‍ ക്ഷേത്രങ്ങളില്‍ നടപ്പാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ പദ്ധതികളുടെ മേല്‍നോട്ട ചുമതലയാണ് അഡ്വക്കേറ്റ് കമ്മീഷണര്‍ക്കുള്ളത്. അദ്ദേഹമാണ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അഡ്വക്കേറ്റ് കമ്മീഷണറുടെ ഈ നടപടി ഭരണനിര്‍വ്വഹണത്തിലുള്ള ഇടപെടലാണെന്ന അഭിപ്രായങ്ങളാണ് ദേവസ്വം ഉദ്യോഗസ്ഥരില്‍ നിന്ന് ഉയരുന്നത്.
പ്രത്യേക സ്ട്രോങ്ങ് റൂമില്‍ ഭദ്രമായി സൂക്ഷിക്കുന്ന ഏഴരപ്പൊന്നാനക്ക് കേടുപാടുകള്‍ ഒന്നുമില്ലെന്നും, നവീകരണം എന്നത് ഏറ്റുമാനൂരപ്പന്റെ സ്വത്ത് അപഹരിക്കാനുള്ള ഗൂഢാലോചന ആണെന്നും, തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ പുരാതന സ്വര്‍ണ്ണ നെറ്റിപ്പട്ടം ഉരുക്കി വില്‍ക്കുന്നതിനായി കേസ് വാദിച്ച അഡ്വ. ഏ.എസ്.പി. ഏഴരപ്പൊന്നാന പുതുക്കാനായി കോടതിയെ സമീപിച്ചതില്‍ ദൂരൂഹത ഉണ്ടെന്നും ഉള്ള ആരോപണങ്ങള്‍ ശക്തമായിരിക്കുകയാണ്.
Discussion about this post