ഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തെ തള്ളി മകനും കേന്ദ്ര വ്യാമയാന മന്ത്രിയുമായ ജയന്ത് സിന്‍ഹ രംഗത്ത്. സമ്പദ്ഘടനയെ മാറ്റിമറിക്കുന്ന ഘടനാപരമായ പരിഷ്‌കാരങ്ങളില്‍ വസ്തുതകളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാതെയുള്ള നിഗമനങ്ങളാണ് ഉയരുന്നതെന്ന് ജയന്ത് സിന്‍ഹ പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തേയും ജിഡിപി കണക്കാക്കുന്ന രീതിയേയും രൂക്ഷമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം മുന്‍ധനകാര്യ മന്ത്രികൂടിയായ യശ്വന്ത് സിന്‍ഹ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മകന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ ബ്ലോഗില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ജയന്ത് സിന്‍ഹയുടെ മറുപടി. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ കോളത്തിലൂടെയാണ് യശ്വന്ത് സിന്‍ഹ വിമര്‍ശനമുന്നയിച്ചത്.
ഇപ്പോഴത്തെ സര്‍ക്കാര്‍ ജി.ഡി.പി കണക്കുകൂട്ടുന്ന രീതി തന്നെ മാറ്റിമറിച്ചു. ഇതിന്റെ ഫലമായി വളര്‍ച്ചാനിരക്കില്‍ 200 അടിസ്ഥാന പോയിന്റുകള്‍ കൂടി. പഴയ രീതിയനുസരിച്ച് ഇപ്പോള്‍ 5.7 ഉണ്ടെന്ന് പറയുന്ന ജിഡിപി 3.7ഓ അതിനേക്കാള്‍ താഴേക്കോ ആണെന്നും സിന്‍ഹ പറഞ്ഞിരുന്നു. ഘടനപരമായ പരിഷ്‌കരണത്തിലൂടെ ദീര്‍ഘകാലത്തേക്ക് വളര്‍ച്ച നേടാന്‍ ജിഡിപിയുടെ ഒന്നോ രണ്ടോ ഘട്ടം മാത്രം മതിയാകും. പുതിയ ഇന്ത്യക്കായി ചില പരിഷ്‌കാരങ്ങള്‍ അത്യാവശ്യമാണ്. ജനങ്ങളെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രാപ്തരാക്കുന്നതിനും ഒരു തൊഴില്‍ ശക്തിയായി നിലനില്‍ക്കാനും വേണ്ടിയാണിതെന്നും ജയന്ത് സിന്‍ഹ പറഞ്ഞു.
ജിഎസ്ടിയും നോട്ട് നിരോധനവുമൊക്കെ ഇന്ത്യന്‍ സമ്പദ് ഘടനയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് രൂപപ്പെടുത്തിയതാണെന്നും ജയന്ത് സിന്‍ഹ പറഞ്ഞു. നോട്ട് നിരോധനം ലഘൂകരിക്കാനാത്ത സാമ്പത്തിക ദുരന്തം എന്നായിരുന്നു കഴിഞ്ഞ ദിവസം യശ്വന്ത് സിന്‍ഹ പറഞ്ഞത്.
Discussion about this post