ഡല്‍ഹി: അമേരിക്കയുടെ കൈവശമുള്ള രേഖകള്‍ ലഭിക്കുകയാണെങ്കില്‍ ഗാന്ധിവധത്തിലെ ഈ ദുരൂഹതകള്‍ നീങ്ങുമെന്ന് മുംബൈയിലെ അഭിനവ് ഭാരത് ട്രസ്റ്റിന്റെ ഭാരവാഹിയും ഗവേഷകനുമായ ഡോ. പങ്കജ് ഫഡ്‌നിസ്. ഗാന്ധി വധക്കേസില്‍ കോടതി വെറുതെവിട്ട വി.ഡി. സവര്‍ക്കറുടെ ആശയങ്ങളില്‍ ആകൃഷ്ടരായ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് രൂപവത്കരിച്ച സംഘടനയാണ് അഭിനവ് ഭാരത്.
ഗാന്ധി വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ ഫഡ്‌നിസ് അമേരിക്കയില്‍ നിന്ന് സംഘടിപ്പിച്ച പഴയൊരു ടെലിഗ്രാം സന്ദേശവും കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഒക്ടോബര്‍ ആറിന് കോടതി പരിഗണിക്കും.
ഗാന്ധിജി വധിക്കപ്പെട്ട ദിവസം തന്നെ ഡല്‍ഹിയിലെ യു.എസ്. എംബസിയില്‍ നിന്ന് വാഷിങ്ടണിലേക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അയച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. ഈ റിപ്പോര്‍ട്ടുകളില്‍ ചിലത് ഇന്നും അമേരിക്ക രഹസ്യരേഖകളുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുകയാണ്. ഗാന്ധിജി വെടിയേറ്റുവീഴുമ്പോള്‍ അദ്ദേഹത്തിന്റെ അഞ്ചടി അകലത്തില്‍ യു.എസിന്റെ ഡിസ്‌ബേഴ്‌സിങ് ഓഫീസര്‍ ഹെര്‍ബര്‍ട്ട് ടോം റെയ്‌നര്‍ ഉണ്ടായിരുന്നു. പ്രതിയെ പിടികൂടാന്‍ താനും ഇന്ത്യന്‍ സുരക്ഷാ ഭടന്മാര്‍ക്കൊപ്പമുണ്ടായിരുന്നെന്ന് റെയ്‌നര്‍ അയച്ച ടെലിഗ്രാമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധി കൊല്ലപ്പെട്ട ദിവസംതന്നെ റെയ്‌നര്‍ അയച്ച മൂന്നാമത്തെ ടെലിഗ്രാം യു.എസ്. അധികൃതര്‍ അതിരഹസ്യ രേഖകളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ലഭിക്കാനായി ഫഡ്‌നിസ് ഗാന്ധിജയന്തിദിനമായ ഇന്ന് യു.എസ്. അധികൃതര്‍ക്ക് ഓണ്‍ലൈനായി ഹര്‍ജി സമര്‍പ്പിക്കും.
സി.ഐ.എ.യുടെ പൂര്‍വരൂപമായ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന ഓഫീസ് ഓഫ് സ്ട്രാറ്റജിക് സര്‍വീസസ് (ഒ.എസ്.എസ്.) മഹാത്മാഗാന്ധിയുടെ സംരക്ഷണത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചോയെന്ന് പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
1966-ലെ ജസ്റ്റിസ് ജെ.എല്‍. കപുര്‍ കമ്മിഷനും കോടതികള്‍ക്കും ഗാന്ധിവധത്തിലെ യഥാര്‍ഥ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ കുറ്റപ്പെടുത്തി. ഇതേ ആവശ്യവുമായി ഹര്‍ജിക്കാരന്‍ 2006-ല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു.
Discussion about this post