ടെഹ്റാൻ : ഇറാനിൽ എത്തിയശേഷം ഇന്ത്യൻ പൗരന്മാരെ കാണാതായെന്ന പരാതിയിൽ ഇറാൻ സർക്കാരിനോട് അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി. മൂന്ന് ഇന്ത്യൻ പൗരന്മാരെയാണ് ഇറാനിൽ എത്തിയതിന് തൊട്ടു പിന്നാലെ കാണാതായതായി പരാതി ഉള്ളത്. ഒരേ കുടുംബത്തിൽ നിന്നുള്ള ബന്ധുക്കളാണ് കാണാതായ മൂന്നുപേരുമെന്നാണ് ലഭ്യമായ വിവരം.
കാണാതായ ഇന്ത്യക്കാരെ അടിയന്തിരമായി കണ്ടെത്തണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇറാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുള്ളത് ടെഹ്റാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ പൗരന്മാരുടെ കുടുംബാംഗങ്ങൾ തങ്ങളുടെ ബന്ധുക്കളെ കാണാനില്ലെന്ന പരാതിയുമായി ഇന്ത്യൻ എംബസിയെ സമീപിച്ചതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്. ഈ മൂന്ന് പേരും ഇറാനിൽ എത്തി എന്നുള്ളത് മാത്രമാണ് എംബസിക്ക് ലഭിച്ചിട്ടുള്ള വിവരം. എന്നാൽ എവിടെവച്ചാണ് ഇവരെ കാണാതായത് എന്നുതുടങ്ങിയ കൂടുതൽ വിവരങ്ങൾ കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ അറിയാൻ കഴിയൂ എന്ന് ഇന്ത്യൻ എംബസിയാധികൃതർ അറിയിച്ചു.
പഞ്ചാബിലെ സംഗ്രൂർ, ഹോഷിയാർപൂർ, എസ്ബിഎസ് നഗർ എന്നിവിടങ്ങളിൽ നിന്ന് ഇറാനിലേക്ക് യാത്ര ചെയ്ത മൂന്ന് ഇന്ത്യക്കാരെയാണ് കാണാതായിട്ടുള്ളത്. കാണാതായ വ്യക്തികളുടെ പേരുവിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, കുടുംബങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും സംഭവവികാസങ്ങളെക്കുറിച്ച് അവരെ അറിയിക്കുന്നുണ്ടെന്നും ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി.
Discussion about this post