പാലക്കാട്: രാജ്യത്തു സ്ഥിരതാമസമില്ലാത്ത വിദേശ മലയാളികളുടെയും അവരുൾപ്പെട്ട ട്രസ്റ്റുകളുടെയും പേരിൽ നിയമവിരുദ്ധമായി നടക്കുന്ന വസ്തു ഇടപാട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കാസർകോട്, പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ ചില വൻകിട ഇടപാടുകളെക്കുറിച്ചു വിവരം ലഭിച്ചതായി ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
അവരുടെ പേരിൽ നടക്കുന്ന വസ്തു ഇടപാടുകളിന്മേലാണു വിദേശനാണ്യ വിനിമയച്ചട്ട പ്രകാരമുള്ള അന്വേഷണം. 18 ഏക്കർ റബർ തോട്ടവും 5.5 ഏക്കർ ഫാമും വാങ്ങിയ കോഴിക്കോട് ജില്ലയിലെ ദമ്പതികൾക്കു കഴിഞ്ഞ ദിവസം ഏഴു ലക്ഷം രൂപ പിഴ ചുമത്തി. ഇവർക്കെതിരെ സിവിൽ നടപടികളും ആരംഭിച്ചു. വിദേശത്തു താമസിക്കുന്നവരുടെ പേരിൽ സംസ്ഥാനത്തെത്തുന്ന പണം മറ്റ് ഇടപാടുകൾക്ക് ഉപയോഗിക്കുന്നതായും സംശയമുയർന്നിട്ടുണ്ട്.
യുഎസിൽ താമസക്കാരനായ വടക്കൻ ജില്ലയിലെ ഒരു വ്യക്തി അരി കയറ്റുമതിക്കായി ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നു 10 കോടി രൂപ വായ്പയെടുത്തെങ്കിലും അങ്ങനെയൊരു സ്ഥാപനമില്ലെന്നും അരി കയറ്റുമതി നടത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾക്കെതിരെ താമസിയാതെ സിവിൽ, ക്രിമിനൽ നടപടിയുണ്ടാകും. പാലക്കാട്ട് ഇത്തരത്തിൽ ആറും കാസർകോട്ട് ഏഴും വയനാട്ടിൽ ആറും ഇടുക്കിയിൽ നാലും കേസുകളാണ് എൻഫോഴ്സമെന്റ് ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്. പുതിയ റിയൽ എസ്റ്റേറ്റ് സംരംഭങ്ങളുടെ പണമിടപാടുകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
നിയമവിരുദ്ധ ഇടപാടുകൾ തെളിഞ്ഞാൽ ഈ സ്വത്തുകൾ കണ്ടുകെട്ടാനുളള അധികാരം വകുപ്പിനുണ്ടെന്നു ഡപ്യൂട്ടി ഡയറക്ടർ വി.പ്രവീൺ പറഞ്ഞു.
Discussion about this post