വാഷിങ്ടണ്‍: ജി.എസ്.ടിയെ പരാജയപ്പെടുത്താന്‍ ശക്തമായ ശ്രമം നടക്കുമ്പോഴും സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ ഭരണക്രമത്തെ പെട്ടെന്ന് തന്നെ സ്വീകരിച്ചുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് കൊല്ലമായി നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യ ഇന്ന് വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമായി മാറിയെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ന്യൂയോര്‍ക്കില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി(സി.ഐ.ഐ),യു.എസ് ഇന്ത്യാ ബിസിനസ് കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നുജെയ്റ്റ്‌ലി.
രാജ്യത്ത് 95 ശതമാനം നിക്ഷേപങ്ങളും, നികുതി പിരിവുകളും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. വലിയ തീരുമാനങ്ങള്‍ എടുക്കാനും അവ നടപ്പാക്കാനും ഇന്ത്യ ഇന്ന് സജ്ജമായി കഴിഞ്ഞുവെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
250 ദേശീയപാതകളുടെ പണി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ തുറമുഖങ്ങള്‍ വലിയ തോതിലാണ് വികസിച്ച് വരുന്നത്. യുവജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ പെയ്‌മെന്റിന് വലിയ സ്വാധീനം ലഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ പദ്ധതികളെല്ലാം ബാങ്ക് അക്കൗണ്ട് വഴി ബന്ധിപ്പിച്ച് കഴിഞ്ഞു. ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് വിവിധ ഇന്‍ഷൂറന്‍സ് പദ്ധതികളും സര്‍ക്കാര്‍ അനുവദിച്ച് നല്‍കുന്നതായി ജെയ്റ്റ്‌ലി പറഞ്ഞു.
പേപാല്‍ സി.ഇ.ഒ ഡാന്‍ഷ്യുല്‍മാന്‍, സി.ഐ.ഐയുടെ ചന്ദ്രജിത്ത് ബാനര്‍ജി എന്നിവരും ജെയ്റ്റ്‌ലിക്കൊപ്പമുണ്ടായിരുന്നു.
Discussion about this post