കണ്ണൂര്‍: കണ്ണൂരില്‍ തീവ്രവാദബന്ധവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് നാറാത്ത് സ്വദേശിയായ അസ്റുദ്ദീനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
നാറാത്ത് തീവ്രവാദ ക്യാമ്പിലെ പരിശീലകനാണ് ഇയാള്‍. തീവ്രവാദ പരിശീലനക്കുറ്റത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2013 ഏപ്രില്‍ 23നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഭീകരാക്രമണം ലക്ഷ്യമിട്ടാണ് കണ്ണൂര്‍ നാറാത്ത് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് സംഘടനകളുടെ നേതൃത്വത്തില്‍ ആയുധപരിശീലനം നടത്തിയത്. ഇയാള്‍ ഒളിവിലായിരുന്നു.
നാറാത്ത് അല്ഫലഹ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് പിന്‍വശത്ത് എസ്ഡിപിഐ നേതൃത്വത്തിലുള്ള തണല്‍ എന്ന ട്രസ്റ്റിന്റെ പേരിലുള്ള കെട്ടിടത്തില്‍ യോഗപരിശീലനം എന്ന പേരിലാണ് എസ്ഡിപിഐക്കാര് ക്യാമ്പ് നടത്തിയിരുന്നത്. ഇവിടെ നിന്നും പോലീസ് നിരവധി രേഖകള്‍ കണ്ടെത്തിയിരുന്നു.
കേസില്‍ 21 പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചിരുന്നു. ഒന്നാംപ്രതി കണ്ണൂര്‍ മാലൂര്‍ ശിവപുരംമൊട്ട പുതിയ വീട്ടില്‍ പി വി അബ്ദുള്‍ അസീസി (41)ന് 7 വര്‍ഷം തടവും 5000 രൂപ പിഴയും മറ്റുപ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവും 5000 രൂപ പിഴയുമാണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി എസ് സന്തോഷ്കുമാര്‍ വിധിച്ചത്.
Discussion about this post