മാനന്തവാടി: വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന മാനന്തവാടി നിയോജക മണ്ഡലത്തിലെ 24-ാം നമ്പർ ബൂത്തായ കൈതക്കൊല്ലി ഗവ ലോവർ പ്രൈമറി സ്കൂളിൽ കനത്ത പോളിംഗ്. 78.3 ശതമാനം പോളിങ്ങാണ് ബൂത്തിൽ രേഖപ്പെടുത്തിയത്. മാവോയിസ്റ്റ് ഭീഷണി നിലനിന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് ബൂത്തിൽ വോട്ടെടുപ്പ് നടത്തിയത്.
1083 വോട്ടർമാരുള്ള ബൂത്തിൽ 848 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 422 പുരുഷന്മാരും 426 സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു. പ്രദേശത്തെ വോട്ടർമാരെ വോട്ട് ചെയ്യിപ്പിക്കുന്നതിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ് ബൂത്തിൽ രേഖപ്പെടുത്തിയ കനത്ത പോളിങ്ങെന്ന് ബൂത്ത് ലെവൽ ഓഫീസർ അറിയിച്ചു.
പൂർണമായും ഹരിതചട്ടം പാലിച്ച് തയ്യാറാക്കിയ മാതൃകാ പോളിങ് സ്റ്റേഷൻ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് സജ്ജീകരിച്ചത്. സമ്മതിദായകരെ സഹായിക്കാൻ കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർമാർ, ജെൻഡർ റിസോഴ്സ് പേഴ്സൺമാർ എന്നിവരെയും നിയോഗിച്ചു.
Discussion about this post