ഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം രാജസ്ഥാന്‍ കോടതി റദ്ദാക്കി. തന്റെ താല്പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി തന്നെ പ്രായപൂര്‍ത്തിയാകും മുന്‍പ് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതാണെന്നും അതിനാല്‍ വിവാഹം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സുശീല ബിഷ്‌ണോയി(19) നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. പെണ്‍കുട്ടി ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പേജ് ഉപയോഗിച്ചാണ് തന്നെ പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹം കഴിപ്പിച്ചതാണെന്ന് കോടതിയില്‍ തെളിയിച്ചത്.
രാജസ്ഥാനിലെ ബാര്‍മറില്‍ 2010ലാണ് സുശീലയുടെ വിവാഹം രഹസ്യമായി നടത്തിയത്. ഈ സമയത്ത് രണ്ടു പേര്‍ക്കും 12 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇത്തരം ആചാരങ്ങള്‍ രാജസ്ഥാനില്‍ സാധാരണമാണ്. വിവാഹം കഴിഞ്ഞാലും പലപ്പോഴും 18 തികയും വരെ ദമ്പതികള്‍ അവരവരുടെ വീടുകളിലാകും താമസിക്കുക. 18 വയസായ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ പോകാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുകയാണ്.
എന്നാല്‍ പഠിക്കണമെന്നാണ് എന്റെ ആഗ്രഹം. കുടിയനായ ഭര്‍ത്താവിനൊപ്പം കഴിയാനാണ് എന്റെബന്ധുക്കള്‍ പോലും നിര്‍ബന്ധിക്കുന്നത്. അതിനാലാണ് വിവാഹം റദ്ദാക്കാന്‍ ഹര്‍ജി നല്‍കിയത്. എനിക്ക് ജീവിക്കണം. സുശീല പറഞ്ഞു. വീട്ടുകാരുടെ ഭീഷണി താങ്ങാനാവാതെ വന്നതോടെ അവള്‍ ഒളിച്ചോടി ഒരഭയ കേന്ദ്രത്തില്‍ എത്തി. അവിടെ വച്ച് പരിചയപ്പെട്ട സാമൂഹ്യ പ്രവര്‍ത്തക കീര്‍ത്തി ഭാരതിയാണ് കോടതിയെ സമീപിക്കാന്‍ അവസരം ഒരുക്കിനല്‍കിയത്.
താന്‍ വിവാഹം കഴിച്ചിട്ടില്ലെന്നും നിശ്ചയം പോലും കഴിഞ്ഞിട്ടില്ലെന്നും ഒക്കെ ഭര്‍ത്താവ് വാദിച്ചെങ്കിലും സുശീല അയാളുടെ ഫേസ് ബുക്ക് പേജ് കോടതിയെ കാണിച്ചുകൊടുത്തു. അതിലെ ചിത്രങ്ങളും വിവാഹത്തില്‍ അഭിനന്ദനം രേഖപ്പെടുത്തി കൂട്ടുകാര്‍ അയച്ച സേന്ദശങ്ങളും എല്ലാം കോടതിക്ക് ബോധ്യമായി. അതോടെ കോടതി അവളുടെ അഭ്യര്‍ഥന പ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തി നല്‍കുകയും ചെയ്തു.
Discussion about this post