ചെങ്ങന്നൂര്‍: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടേത് ദേശദ്രോഹികളെ സഹായിച്ച ചരിത്രമാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. രാജ്യത്ത് ജനാധിപത്യത്തിന് നേരെ കൈകള്‍ ഉയര്‍ന്നപ്പോഴൊക്കെ ശത്രുക്കള്‍ക്കൊപ്പം നിന്നവരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെന്നും അവര്‍ പറഞ്ഞു. ജനരക്ഷാ യാത്രക്ക് ചെങ്ങന്നൂരില്‍ നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്മൃതി ഇറാനി.
ഇന്ത്യാ-ചൈന യുദ്ധകാലത്ത് ചൈനയ്ക്കൊപ്പം നിന്ന അവര്‍ പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യന്‍ പട്ടാളത്തിനെതിരെ സംസാരിച്ച പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്നും ആ സ്ഥാനത്ത് തുടരുകയാണ്. അതിനെ അപലപിക്കാന്‍ പോലും സിപിഎം തയ്യാറാകാത്തത് ഈ നാടിനോടുള്ള അവരുടെ മാനസിക നിലയെയാണ് കാണിക്കുന്നത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനൊപ്പം ജിഹാദികള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നതും കമ്മ്യൂണിസ്റ്റുകളാണ്.
കമ്മ്യൂണിസ്റ്റുകള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരാണ്. കേരളത്തില്‍ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുകയാണ്. കൊല ചെയ്തും ഭീഷണിപ്പെടുത്തിയും സിപിഎമ്മുകാര്‍ ചെയ്തു വരുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കേണ്ടതുണ്ട്. കേരളത്തില്‍ 286 ബിജെപി, ആര് എസ്എസ് പ്രവര്‍ത്തകരാണ് കൊല ചെയ്യപ്പെട്ടത്. ഇതില്‍ 84 പേരും മുഖ്യമന്ത്രിയുടെ നാട്ടുകാരാണ്. അധികകാലം ഇവര്‍ക്ക് ഈ ജനദ്രോഹ നടപടിയുമായി മുന്നോട്ടു പോകാനാവില്ല. ദല്‍ഹിയിലെത്തി തന്നെ കണ്ടപ്പോള്‍ കേരളത്തില്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ അത് പാലിക്കപ്പെട്ടില്ല. കൊലപാതക രാഷ്ട്രീയത്തോട് എതിര്‍പ്പുണ്ടെങ്കില്‍ എം.എം മണിയെ മന്ത്രിസഭയില്‍ എടുക്കില്ലായിരുന്നു.
കേരളത്തില്‍ ബലിദാനികളാകേണ്ടി വന്ന പ്രവര്‍ത്തകരുടെയും അവരുടെ കുടുംബങ്ങളുടേയും ത്യാഗം പാഴാവില്ല. അവര്‍ക്ക് നീതി ഉറപ്പാക്കും. അവരോടൊപ്പം ഈ രാജ്യത്തെ 11 കോടി ബിജെപി പ്രവര്‍ത്തകരുമുണ്ട്. കേരളത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. എന്നാല്‍ തോളോട് തോള് ചേര്‍ന്ന് ഈ രാജ്യത്തെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും അതിനെ ചെറുത്ത് തോല്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു.
ചെങ്ങന്നൂര്‍ നിയോജകണ്ഡലം പ്രസിന്റ് സജു ഇടക്കല്ലില്‍ അദ്ധ്യക്ഷനായിരുന്നു. ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗര്‍വാള്‍, വി മുരളീധരന്, പി കെ കൃഷ്ണദാസ്, എംടി രമേശ്, എ എന്‍ രാധാകൃഷ്ണന്, കെ സുരേന്ദ്രന്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ സോമന് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
Discussion about this post