ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. നേരത്തെ സുപ്രീംകോടതിയിൽ നിന്നും ലഭിച്ച ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് കൂടി നീട്ടണമെന്ന് കെജ്രിവാൾ ഹർജി നൽകിയിരുന്നു. ഈ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന കെജ്രിവാളിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. നിലവിൽ അടിയന്തര സാഹചര്യങ്ങൾ ഇല്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി.
അരവിന്ദ് കെജ്രിവാളിന് വേണ്ടി അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയാണ് ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. വിഷയം നാളെത്തന്നെ പരിഗണിക്കണമെന്ന് കെജ്രിവാൾ അഭിഭാഷകൻ മുഖേന കോടതിയെ അറിയിക്കുകയായിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് ഹർജി തള്ളി.
തനിക്ക് അസുഖങ്ങൾ ഉണ്ടെന്നും ക്ഷീണിതനാണെന്നും ഡോക്ടർ അറിയിച്ചിട്ടുള്ളതിനാൽ മെഡിക്കൽ കാരണങ്ങളാൽ ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് നീട്ടണമെന്നായിരുന്നു കെജ്രിവാൾ ആവശ്യം ഉന്നയിച്ചിരുന്നത്. ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരിയും കെ.വി.വിശ്വനാഥനും അടങ്ങുന്ന അവധിക്കാല ബെഞ്ച് കെജ്രിവാളിന്റെ ഹർജി തള്ളിയത്. വിഷയത്തിൽ ആവശ്യമെങ്കിൽ ചീഫ് ജസ്റ്റിസിന് ഇടപെടാം എന്നും കോടതി വ്യക്തമാക്കി. ഹർജി തള്ളിയതോടെ അരവിന്ദ് കെജ്രിവാൾ ഇടക്കാല ജാമ്യത്തിന്റെ കാലാവധി കഴിയുന്ന ജൂൺ രണ്ടിന് വീണ്ടും തീഹാർ ജയിലിലേക്ക് മടങ്ങും.
Discussion about this post