കോഴിക്കോട്: മതംമാറ്റത്തിന് വിധേയമായ വൈക്കം സ്വദേശിനി അഖിലയ്ക്കു വേണ്ടി സുപ്രിംകോടതിയില്‍ കേസ് നടത്തുന്നതിന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി നടത്തിയ ധനസമാഹരണത്തിലൂടെ സ്വരൂപിച്ചത് 80,22,705.00 രൂപ. മതം മാറ്റവും വിവാഹവും സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേസിന്റെ നടത്തിപ്പിലേക്കായി ഇത്രയധികം തുക പിരിച്ചെടുത്തത്. അഖിലയ്ക്കു നീതിയും അവകാശവും നിഷേധിക്കപ്പെട്ടുവെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഇടപെട്ടതെന്നും സംഘടന പറയുന്നു.
24 വയസ്സുള്ള യുവതിയുടെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുന്ന രീതിയിലുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്താണ് അഖിലയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് നടത്തിപ്പിന്റെ ഭാരിച്ച ചെലവ് മുന്നില്‍ കണ്ടാണ് പോപുലര്‍ ഫ്രണ്ട് ധനസമാഹരണം നടത്തിയത്.
അഖിലയ്ക്കു നീതി നിഷേധിക്കുന്നതിനെതിരായ ജനങ്ങളുടെ പ്രതികരണവും പ്രതിഷേധവും പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന നിയമപോരാട്ടത്തിനുള്ള ഐക്യദാര്‍ഢ്യവും കൂടിയാണ് ഈ തുകയെന്നാണ് സംഘടനയുടെ നേതാക്കളുടെ വാദം. മലപ്പുറത്തു നിന്നാണ് കൂടുതല്‍ തുക ലഭിച്ചത്. മലപ്പുറത്തുനിന്നു മാത്രമായി ഇരുപത് ലക്ഷത്തിലേറെ രൂപയാണ് ലഭിച്ചത്. കുറഞ്ഞ തുക ലഭിച്ചത് വയനാട്ടില്‍ നിന്നുമാണ്.
കേരളത്തില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നും മുസ്ലീം യുവാക്കള്‍ക്ക് പണവും സൗകര്യങ്ങളും നല്‍കി ഹിന്ദു യുവതികളെ മതം മാറ്റാന്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അഖിലയുടെ മാതാവ് വ്യക്തമാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പടെയുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ് അഖിലയ്ക്ക് വേണ്ടി കേസിന് വന്‍ തുക സ്വരൂപിക്കുന്നതെന്ന് സംഘ്പരിവാര്‍ സംഘടനകളും അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം കേരളത്തിലെ ലൗ ജിഹാദിനെക്കുറിച്ചും മതപരിവര്‍ത്തനങ്ങളെക്കുറിച്ചും ഐഎന്‍ഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
Discussion about this post