ഡല്‍ഹി: വീണ്ടുമൊരു കൂടിച്ചേരലിന് സാധ്യതയില്ലാത്തവിധം ഒറ്റയടിക്ക് മൂന്ന് തലാഖും ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് (തലാഖ്-ഇ-ബിദ്ദത്ത്) മുത്തലാഖ് കേന്ദ്രം ക്രിമിനല്‍ കുറ്റമാക്കും. ഇതിനായി ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി) ഭേദഗതിചെയ്യും. നിരോധിച്ചുകൊണ്ട് കേന്ദ്രം പുതിയ നിയമം ഉണ്ടാക്കില്ല.
ഐ.പി.സി. 497-ാം വകുപ്പിന് തുടര്‍ച്ചയായി പുതിയൊരു ഉപവകുപ്പ്, 497(എ) കൂട്ടിച്ചേര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്നുവര്‍ഷത്തെ തടവ് ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചശേഷവും ഇത്തരം സംഭവങ്ങളുണ്ടായ പശ്ചാത്തലത്തില്‍കൂടിയാണ് അത് ക്രിമിനല്‍കുറ്റമാക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. ഇതിനുള്ള ബില്‍ മന്ത്രിസഭയുടെ അനുമതിക്കുശേഷം പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും.
ഓഗസ്റ്റ് 22-നാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. അഞ്ചംഗബെഞ്ചിലെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറും ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആറുമാസത്തിനുള്ളില്‍ നിയമം കൊണ്ടുവരണമെന്നാണ് നിര്‍ദേശിച്ചത്.
ആറുമാസത്തിനകം നിയമം കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ നിരോധനം തുടരുമെന്ന് അതില്‍ വിശദീകരിക്കുകയുണ്ടായി. ന്യൂനപക്ഷവിധിയിലെ ഈ നിര്‍ദേശം, ഭൂരിപക്ഷവിധിയില്‍ നിരാകരിക്കുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് നിയമഭേദഗതി.
ശരിയത്ത് പ്രകാരം മൂന്നുവിധത്തിലുള്ള തലാഖ് ചൊല്ലലാണുള്ളത്. ഇവയില്‍ ആദ്യത്തെ രണ്ടെണ്ണവും സുപ്രീംകോടതി നിരോധിച്ചിട്ടില്ല. ഒറ്റടയിക്കുള്ള തലാഖ് ചൊല്ലലും വിവാഹം വേര്‍പെടുത്തലുമാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. മുത്തലാഖ് ശിക്ഷാര്‍ഹമാക്കുംവിധം നിയമമുണ്ടാക്കിയാലേ തങ്ങളുടെ പോരാട്ടം പൂര്‍ണമാവൂ എന്ന് സുപ്രീംകോടതിയെ സമീപിച്ച ശായറാ ബാനോ, ഇസ്രത്ത് ജഹാന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചപ്പോള്‍തന്നെ പുതിയ നിയമം കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ചില കൂടിയാലോചനകള്‍ ആഭ്യന്തരമന്ത്രാലയത്തില്‍ നടന്നെങ്കിലും പ്രത്യേക നിയമം ആവശ്യമില്ലെന്ന തീരുമാനമാണ് ഒടുവില്‍ കൈക്കൊണ്ടത്.
മറ്റു രണ്ടുതരത്തിലുള്ള തലാഖ് ചൊല്ലലിന്റെ കാര്യത്തില്‍ പ്രത്യേക നിയമം ഇല്ലാത്തസ്ഥിതിക്ക് ‘തലാഖ്-ഇ-ബിദ്ദത്ത്’ ന് മാത്രമായി പ്രത്യേക നിയമം ആവശ്യമില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച ഉപദേശം.
സമഗ്ര ചര്‍ച്ചയ്ക്കുശേഷമേ പുതിയ നിയമനിര്‍മാണം പാടുള്ളൂവെന്ന് മുസ്ലിം സംഘടനകളും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ചില പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. പുതിയ നിയമമുണ്ടാക്കുമ്‌ബോള്‍ ശരിയത്ത് നിയമങ്ങളും മുസ്ലിം സംഘടനകളുടെ ആശങ്കയും കണക്കിലെടുക്കണമെന്ന് ന്യൂനപക്ഷ വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വിധിയുടെ പശ്ചാത്തലത്തില്‍ വിശദമായ കൂടിയാലോചനയും ചര്‍ച്ചയും നടത്തുന്നത് വിഷയം സങ്കീര്‍ണമാക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഐ.പി.സി. ഭേദഗതിയെന്ന എളുപ്പവഴിയുള്ളപ്പോള്‍ മറ്റു സങ്കീര്‍ണതകള്‍ ഒഴിവാക്കാമെന്നാണ് തീരുമാനം.
മൂന്നുതരം തലാഖാണുള്ളത്. തലാഖ്-ഇ-ഹസന്‍ ഇതില്‍ ഒന്നാമത്തേത്. മൂന്നു മാസങ്ങളിലായി മൂന്നുതവണ തലാഖ് ചൊല്ലണം. മൂന്നാമത് ചൊല്ലുന്നതിനിടയില്‍ അനുരഞ്ജനമുണ്ടാവുകയും വീണ്ടും ഒന്നിച്ചുതാമസിക്കുകയും ചെയ്താല്‍ തലാഖ് അസാധുവാകും. മൂന്നുമാസത്തിനിടയില്‍ ഭര്‍ത്താവിന് തലാഖ് പിന്‍വലിക്കാമെന്നര്‍ഥം.
തലാഖ്-ഇ-അഹ്‌സന്‍ ആണ് രണ്ടാമത്തേത്. ഭര്‍ത്താവ് ഒറ്റയടിക്ക് തലാഖ് ചൊല്ലിയാലും മൂന്നുമാസത്തെ ‘ഇദത്ത്’ കാലം ഉണ്ട്. ഇക്കാലത്തിനിടയില്‍ വീണ്ടും ഇരുവരും അനുരഞ്ജനത്തിലെത്തുകയും ഒന്നിച്ചുതാമസിക്കുകയും ചെയ്താല്‍ തലാഖ് ഇല്ലാതാകും. വിവാഹമോചനം ഉണ്ടാവില്ല.
മൂന്നാമത്തേത് തലാഖ്-ഇ-ബിദ്ദത്ത്. ഒറ്റയടിക്ക് മൂന്നുതവണ തലാഖ് ചൊല്ലി അപ്പോള്‍തന്നെ വിവാഹബന്ധം വേര്‍പെടുത്തല്‍. ഇത് മതവിരുദ്ധവും ഖുറാനിലെ തത്ത്വങ്ങള്‍ക്ക് നിരക്കാത്തതുമാണ്. സുപ്രീംകോടതി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചു.
മറ്റൊരാളുടെ ഭാര്യയുമായുള്ള അവിഹിതവേഴ്ച കുറ്റകരമാക്കുന്ന വകുപ്പാണ് ഐ.പി.സി. 497. ഇന്ത്യന്‍ ശിക്ഷാനിയമം ഉണ്ടാക്കിയശേഷം ഇതുവരെ ഒരു മാറ്റവും അതില്‍ വരുത്തിയിട്ടില്ല. ഈ വകുപ്പ് പുരുഷന്‍മാര്‍ക്ക് മാത്രമാണ് ബാധകം. സ്ത്രീ കുറ്റക്കാരിയാവില്ല. ഇതിന് അനുബന്ധമായി 497-എ എന്ന ഉപവകുപ്പ് ഉണ്ടാക്കുന്നതാണ് പുതിയ ഭേദഗതി നിര്‍ദേശം. അതനുസരിച്ച് ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ അത് മൂന്നുവര്‍ഷംവരെ തടവു ലഭിക്കുന്ന കുറ്റമായി മാറും.
Discussion about this post