ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാത്ത് ഉദ് ദവ തലവനുമായ ഹാഫിസ് സയ്യിദ് അമേരിക്ക നല്‍കിയ ഭീകരരുടെ പട്ടികയില്‍ ഇല്ലെന്ന് പാകിസ്ഥാന്‍. പാക് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് ഇക്കാര്യം അറിയിച്ചത്. വിവിധ ഭീകരക്കേസുകളില്‍ പ്രതിയായ ഹാഫിസ് സെയിദ് പാകിസ്ഥാനില്‍ വീട്ടുതടങ്കലിലാണ്.
അഫ്ഗാന്‍ താലിബാനെ പാകിസ്ഥാന്‍ പിന്തുണക്കുന്നില്ല. അവരില്‍ നിന്നും പാകിസ്ഥാന്‍ സഹായം സ്വീകരിക്കുന്നുമില്ല. മറ്റാരെങ്കിലുമാകാം അവര്‍ക്ക് ഇപ്പോള്‍ സാമ്പത്തിക സഹായം നല്‍കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്റെ സന്ദര്‍ശനത്തിലാണ് ഭീകരവാദികളുടെ പട്ടിക പാകിസ്ഥാന് കൈമാറിയത്. ഈ പട്ടികയില്‍ താലിബാന്‍ ഹഖാനി നെറ്റ്വര്‍ക്ക് ഒന്നാം സ്ഥാനത്താണെന്നും എന്നാല്‍ പട്ടികയില്‍ പാകിസ്ഥാനികള്‍ ആരുമില്ലെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി.
2008-ലെ മുംബൈ ആക്രമണമടക്കം ഇന്ത്യക്കെതിരേയുള്ള പല തീവ്രവാദ ആക്രമണങ്ങളുടെയും ബുദ്ധികേന്ദ്രമാണ് ഹാഫിസ് സയ്യിദ്. അമേരിക്ക എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ഹാഫിസ് സയ്യിദിനെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മതപണ്ഡിതനായ ഹാഫിസ് സയ്യിദിന് തീവ്രവാദ ബന്ധമൊന്നുമില്ലെന്നും മുംബൈ ആക്രണത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്നുമായിരുന്നു പാക് നിലപാട്. പിന്നീട് ഹാഫിസ് സയീദ്, തെഹ്രിക് ഇ ആസാദി ജമ്മു ആന്‍ഡ് കശ്മീര്‍ എന്ന സംഘടന രൂപീകരിച്ചിരുന്നു. ജമാത് ഉത് ദവ പേരുമാറ്റിയാണ് തെഹ്രിക് ഇ ആസാദി ജമ്മു ആന്‍ഡ് കശ്മീര്‍ ആയത്. അമേരിക്കയുടെ സമ്മദ്ദത്തെ തുടര്‍ന്ന് ഈ സംഘടനയെ ഈ വര്‍ഷം ജൂണില്‍ പാക് സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
മുംബൈ ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ സയ്യിദിനെതിരേയും ജമാത് ഉത് ദവയ്‌ക്കെതിരേയും അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഘടനയുമായി സെയ്ദ് രംഗത്തുവന്നത്. ജമാത് ഉത് ദവ(ജെയുഡി)യ്‌ക്കെതിരേയും ഹാഫിസ് സെയ്ദിനെതിരേയും നടപടി സ്വീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് വ്യാപകമായ പിന്തുണ ലഭിച്ചിരുന്നു.
കഴിഞ്ഞ ജനുവരി മുതല്‍ ഹാവിസ് സയീദ് വീട്ടുതടങ്കലിലാണെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. ജമാത്ത് ഉദ് ദവയെ നീരീക്ഷിക്കപ്പെടുന്ന സംഘടനകളുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുകയാണെന്നും പാക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post