കണ്ണൂര്‍: ഐഎസ് റിക്രൂട്ടിംഗ് ഏജന്റുള്‍പ്പെടെ അഞ്ചു പേര്‍ പിടിയിലാവുകയും കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂരില്‍ പോലീസും കേന്ദ്ര രഹസ്യാന്വേണ ഏജന്‍സികളും നിരീക്ഷണം ശക്തമാക്കി. അറസ്റ്റിലായ ഐഎസ് റിക്രൂട്ടിംഗ് ഏജന്റായ തലശേരി കുഴിപ്പങ്ങാട്ടെ ഹംസയെ ചോദ്യം ചെയ്തതില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. തുടര്‍ന്നാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
അഞ്ചു പേരാണ് അറസ്റ്റിലായിട്ടുളളതെങ്കിലും ഐഎസുമായി നേരിട്ട് ബന്ധമുളള 20 പേര്‍ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവരെ വരും ദിവസങ്ങളില്‍ അറസ്റ്റ് ചെയ്‌തേക്കും. വിവിധ ഗ്രൂപ്പുകളായാണ് കേരളത്തില്‍ നിന്ന് ഐഎസിലേക്ക് പോയിട്ടുള്ളത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഐഎസ് കേസുകളും വ്യത്യസ്തങ്ങളാണ്. എന്നാല്‍ ഇവക്കെല്ലാം പരസ്പരം ബന്ധമുള്ളതായി അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കനകമല, ബഹ്‌റൈന്‍, കാസര്‍കോട് എന്നിവിടങ്ങളിലെ ഐഎസ് പ്രവര്‍ത്തകരുമായുളള ഹംസയുടെയും കണ്ണൂരില്‍ നിന്ന് അറസ്റ്റിലായവരുടെയും ബന്ധം കേരളത്തിലെ ഐഎസിന്റെ അടിവേര് കണ്ടെത്താന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. 16 പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അഞ്ച് പേരെയാണ് കണ്ണൂരില്‍ അറസ്റ്റ് ചെയ്തത്.
ജില്ലയില്‍ നിന്നും ഐഎസില്‍ ചേര്‍ന്ന കണ്ണൂര്‍ ചാലാട് ഷഹനാദ് (25), പാപ്പിനിശേരിയിലെ പഴഞ്ചറപള്ളിയിലെ ഷമീര്‍ (45), ഇയാളുടെ മൂത്തമകന്‍ സല്‍മാന്‍ (20), വളപട്ടണം മൂപ്പന്‍പാറയിലെ റിഷാല്‍ (30), കമാല്‍പീടികയിലെ മുഹമ്മദ് ഷാജില്‍ (25) എന്നിവര്‍ സിറിയയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു.
നിരവധി പേര്‍ ഇപ്പോഴും സിറിയയില്‍ ഐഎസിനുവേണ്ടി പോരാടുന്നുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. പിടിയിലായവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ദുബായ്, ഇറാന്‍, തുര്‍ക്കി തുടങ്ങിയ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച യാത്രാരേഖകള്‍, വിദേശ കറന്‍സികള്‍, ഐഎസ് ലഘുലേഖകള്‍ തുടങ്ങിയവ പോലീസ് കണ്ടെത്തിയിരുന്നു.
Discussion about this post