ബിസിനസ് സൗഹാര്‍ദ്ദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 30 സ്ഥാനത്തിന്റെ മുന്നേറ്റം. 190 രാജ്യങ്ങളില്‍ നൂറാം സ്ഥാനത്താണ് ഇന്ത്യ. ലോകബാങ്കിന്റെ എളുപ്പത്തില്‍ ബിസിനസ് ചെയ്യാവുന്ന( ease of doing business) രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ മികച്ച മുന്നേറ്റം കൈവരിച്ചത്.
വ്യവസായങ്ങള്‍ തുടങ്ങാന്‍ അനുയോജ്യമായ 190 രാജ്യങ്ങളുടെ പട്ടികയാണ് ലോകബാങ്ക് പുറത്തുവിട്ടത്. ഈവര്‍ഷം ഏറ്റവും കൂടുതല്‍ പ്രവര്‍ത്തന മികവു കാട്ടിയ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യപത്തിലും ഇന്ത്യ സ്ഥാനം നേടിയിട്ടുണ്ട്. അടിസ്ഥാന മാറ്റങ്ങള്‍ വരുത്തിയ ഏകരാജ്യവും ഇന്ത്യയാണ്. 2003 മുതല്‍ നിര്‍ദേശിക്കപ്പെട്ടിരുന്ന 37 സാമ്പത്തിക പരിഷ്കാരങ്ങളില്‍ പകുതിയോളം ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് നേട്ടത്തിനു പിന്നിലെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതാദ്യമായാണ് ഇന്ത്യ നൂറ് രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഇന്ത്യ ബിസിനസ് രംഗത്ത് വലിയ വളര്‍ച്ച കൈവരിക്കുന്നതായും ലോകബാങ്ക് വിലയിരുത്തുന്നു.
കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണെന്നു തെളിയിക്കുന്നതാണു ലോകബാങ്കിന്റെ റിപ്പോര്‍ട്ടെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. ആദ്യ 100 ല്‍ സ്ഥാനം നേടിയ ഇന്ത്യയ്ക്ക് അടുത്തുതന്നെ 50ല്‍ എത്താന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
നിര്‍മ്മാണാനുമതി നല്കല്, നികുതി അടക്കല്‍, എന്നിവയില്‍ ഇന്ത്യ വേഗത കൈവരിച്ചിട്ടുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ ചുവപ്പുനാട കുരുക്ക് നീക്കി നിക്ഷേപസാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്.ഇതാണ് ഇന്ത്യയെ ബിസിനസ് സൗഹാര്‍ദ്ധ രാജ്യമായി മാറ്റുന്നത്.
ജിഎസ്ടി നടപ്പാക്കിയത് ഇന്ത്യയുടെ ബിസിനസ് അന്തരീക്ഷത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കിയെന്ന് വാണിജ്യരംഗത്തെ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.
Discussion about this post