അഹമ്മദാബാദ്: ഇന്ത്യയിൽ ആദ്യമായി ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുന്ന മുംബൈ-അഹമ്മദാബാദ് റൂട്ട് ലാഭകരമാകുമെന്ന് ഇന്ത്യൻ റെയിൽവേ. മുംബൈ–അഹമ്മദാബാദ് പാതയിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ നിറയെ യാത്രക്കാരുമായാണ് സഞ്ചരിക്കുന്നത്. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 233 കോടി രൂപയുടെ വരുമാനം ഇൗ പാതയിൽ നിന്ന് ലഭിച്ചതായും പശ്ചിമ റെയിൽവേ വ്യക്തമാക്കുന്നു.
മുമ്പ് സാമൂഹിക പ്രവർത്തകനായ അനിൽ ഗാഗ്ലി സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ ഇൗ റൂട്ടിലൂടെ സർവീസ് നടത്തുന്ന ഭൂരിപക്ഷം ട്രെയിനുകളിലും സീറ്റുകൾ ഒഴിഞ്ഞ് കിടക്കുകയാണെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു. ഇൗ വർഷം ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 30 കോടി രൂപ റെയിൽവേക്ക് ഇൗ റൂട്ടിൽ നിന്ന് നഷ്ടം വന്നിട്ടുണ്ടെന്നും അപേക്ഷക്ക് മറുപടിയായി റെയിൽവേ പറഞ്ഞിരുന്നു.
നേരത്തെ നൽകിയ വിവരാവകാശ അപേക്ഷക്ക് മറുപടി നൽകുമ്പോൾ മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രക്കാരുടെ എണ്ണം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. ഇതാണ് മുമ്പ് നൽകിയ വിവരാവകാശ മറുപടിയിൽ തെറ്റിദ്ധാരണ ഉണ്ടാകാൻ കാരണമെന്നും റെയിൽവേ വ്യക്തമാക്കി.
Discussion about this post