ഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. 500, 1000 രൂപയുടെ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള സമയ പരിധി കഴിഞ്ഞ സാഹചര്യത്തില്‍ ഇതിനായി പ്രത്യേകം അനുമതി നല്കണമെന്നാവശ്യപ്പെട്ടാണ് 14 വ്യക്തികള്‍ അപ്പക്‌സ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത് പരിഗണിക്കാനാകില്ലെന്നും ഈ ആവശ്യം ഉന്നയിച്ചു പരാതിക്കാര്‍ക്ക് ഭരണ ഘടന ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
നോട്ട് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടനാ ലംഘനമാണെന്ന ഹര്‍ജി ഭരണഘടന ബെഞ്ച് ഇപ്പോള്‍ പരിഗണിച്ചു വരികയാണ്. പഴയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം അവിടെ ഉന്നയിക്കാമെന്ന് ഇന്ന് കേസ് പരിഗണിക്കവെ സുപ്രീം കോടതി വ്യക്തമാക്കി.
എന്നാല്‍ റദ്ദാക്കിയ നോട്ടുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേസിന്റെ വാദത്തിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ ഇത്തരം നോട്ടുകള്‍ ഇനിയും സൂക്ഷിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post