ഡല്‍ഹി: തീവ്രവാദം ആഗോള പ്രശ്‌നമാണെന്നും അതില്‍ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ ബെല്‍ജിയം രാജാവ് ഫിലിപ്പുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു നായിഡു.
‘തീവ്രവാദം ആഗോള പ്രതിസന്ധിയാണ്, അതില്ലാതാക്കണമെങ്കില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ഇരു രാജ്യങ്ങള്‍ക്കും ഇന്ന് ആകര്‍ഷകമായ ജനാധിപത്യ സംവിധാനമുണ്ട്, പങ്കുവെക്കാന്‍ വിവിധങ്ങളായ ചിന്തകളും ആദര്‍ശങ്ങളുമുണ്ട്.’ ഉപരാഷ്ട്രപതി പറഞ്ഞു. ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, മാധ്യമ സ്വാതന്ത്ര്യം, മനുഷ്യാവകാശ സംരക്ഷണം, എന്നിവ സമൂഹത്തെ താങ്ങിനിര്‍ത്തുന്ന ഘടകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്നാംലോക മഹായുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഫിലിപ്പ് രാജാവ് നിര്‍വ്വഹിക്കും. തീവ്രവാദം രാജ്യത്ത് കത്തിപ്പടര്‍ന്നപ്പോള്‍ ഇന്ത്യ നല്‍കിയ പിന്തുണയെ ബെല്‍ജിയം അഭിനന്ദിച്ചു. ഒന്നാംലോക മഹായുദ്ധത്തിന്റെ സമയത്ത് 1,30,000 ഓളം ഇന്ത്യന്‍ സൈനികരാണ് ബെല്‍ജിയത്തിനുവേണ്ടി യുദ്ധഭൂമിയില്‍ ഇറങ്ങിയത്. അതില്‍ 9000 ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. ഇത് ഇന്ത്യന്‍ സൈനികരുടെ ത്യാഗത്തെയും പോരാട്ടത്തെയും ആദരിക്കാനുള്ള വേദിയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യയ്ക്കിന്ന് ഏവരെയും ആകര്‍ഷിക്കാന്‍ പ്രാപ്തമുള്ള സംരംഭമേഖലയുണ്ട്. ബെല്‍ജിയത്തില്‍ നിന്നുള്ള ചെറുകിട സംരംഭകരെ രാജ്യത്തേക്ക് ക്ഷണിക്കുകയാണെന്നും വെങ്കയ്യ വെളിപ്പെടുത്തി.
കിംഗ് ഫിലിപ്പും റാണി മാത്യദിയും ഏഴ് ദിവസത്തെ സന്ദര്‍ശനത്തിന് ഞായറാഴ്ച്ചയാണ് ഡല്‍ഹിയിലെത്തിയത്. 2013-ല്‍ പദവിയില്‍ എത്തിയശേഷം ആദ്യമായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Discussion about this post