അമൃതപുരി: ലോക സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വപൗരന്മാര്ക്ക് നല്കുന്ന ബഹുമതിയായ ഫ്രാന്‍സിലെ ‘സോള്‍ജിയേഴ്സ് ഒഫ് പീസ് ‘ അസോസിയേഷന്റെ ‘കമമ്മറേറ്റീവ് ഗോള്‍ഡ് മെഡല്‍ ഫോര്‍ പീസ് ‘ പുരസ്കാരം മാതാ അമൃതാനന്ദമയിക്ക് സമര്‍പ്പിച്ചു. അമൃതാനന്ദമയിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ 30-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഫ്രാന്‍സിലെ ടൗലൂണില് നടന്ന ചടങ്ങിലാണ് ബഹുമതി നല്കി ആദരിച്ചത്.
ഐക്യരാഷ്ട്രസഭയുടെ കീഴില്‍ യുദ്ധമേഖലകളിലെ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന അന്താരാഷ്ട്ര തലത്തിലുള്ള സൈനികരുടെ സംഘടനയാണ് സോള്‍ജിയേഴ്സ് ഒഫ് പീസ്. ഫ്രാന്‍സിലെ ആല്‍പ്സ് പ്രവിശ്യയുടെ പ്രസിഡന്റിന്റെ പ്രവിശ്യാ പുരസ്കാരവും മെഡലും ചടങ്ങില്‍ അമൃതാനന്ദമയിക്ക് സമ്മാനിച്ചു.
മൂന്ന് പതിറ്റാണ്ടായി ആഗോളതലത്തില്‍ ആദ്ധ്യാത്മികതയ്ക്കും മാനവസേവയ്ക്കും മാതാ അമൃതാനന്ദമയി നല്കുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഫ്രഞ്ച് ജനത ആദരിച്ചത്.
ചടങ്ങില്‍ സോള്‍ജിയേഴ്സ് ഒഫ് പീസിന്റെ പ്രസിഡന്റ് ലോറന്റ് അട്ടര്‍ ബയ് റു മാതാ അമൃതാനന്ദമയിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു. മാതാ അമൃതാനന്ദമയി മഠം വൈസ്ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി സംസാരിച്ചു.
യൂറോപ്യന്‍ പര്യടനത്തില്‍ ജര്‍മ്മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്റ്, ഇറ്റലി, ഇംഗ്ലണ്ട്, നെതര്‍ലാന്റ്സ്, ഫിന്‍ലാന്റ് എന്നീ രാജ്യങ്ങളിലെ വിവിധ പട്ടണങ്ങളില്‍ മാതാ അമൃതാനന്ദമയി സന്ദര്‍ശനം നടത്തുന്നുണ്ട്. ഡിസംബര്‍ 6-ന് സ്പെയിനിലെ വലന്‍സിയയില്‍ മാതാ അമൃതാനന്ദമയിയുടെ ഈ വര്‍ഷത്തെ യൂറോപ്യന്‍ പര്യടനം പൂര്‍ത്തിയാകും.
Discussion about this post