തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, , കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ആലപ്പുഴ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ബുധനാഴ്ച തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതലല്ലെന്നാണ് മുന്നറിയിപ്പ്. അതേസമയം മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്ര ന്യൂനമർദമായി മാറാൻ സാധ്യത ഉണ്ട്
കനത്ത മഴ തുടരുന്നതിനാൽ തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ വാഴാനി, പീച്ചി ഡാമുകൾ, ചാവക്കാട് ബീച്ച് എന്നിവിടങ്ങളിലേക്കും സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. കോട്ടയം ജില്ലയിലെ മലയോര മേഖലകളിലേക്കും ഈരാറ്റുപേട്ട – വാഗമൺ റോഡിലൂടെയും ഉളള രാത്രി യാത്രാ നിരോധനം ഇന്നും തുടരും. നാല് ദിവസമായി പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോൾത്തന്നെ വെള്ളം കയറി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post